ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോട്ടനം താരം ഹാരി കെയ്‌നിന് ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും.

ചൊവ്വാഴ്ച ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഫാബിയന്‍ ഡെല്‍ഫിന്റെ ടാക്ലിങ്ങിലാണ് താരത്തിന് പരിക്കേറ്റത്. കെയ്‌നിന്റെ ഇടത് കണംകാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റതെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെയ്‌നിന് എത്ര നാളത്തെ വിശ്രമം വേണ്ടിവരുമെന്ന വിവരം ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമാകാനാണ് സാധ്യത. പരിക്കേറ്റ ഉടന്‍ തന്നെ കെയ്ന്‍ മൈതാനം വിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ടോട്ടനത്തിന് മത്സരമുണ്ട്.

Content Highlights: big blow for spurs kane has significant ankle ligament damage