Photo: twitter.com/RoyKrishna21
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്.സി. എ.ടി.കെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാറിലാണ് റോയ് കൃഷ്ണ ബെംഗളൂരുവിലെത്തുന്നത്. 2.91 കോടി രൂപയാണ് താരത്തിനായി ബെംഗളൂരു മുടക്കിയത്.
34 കാരനായ കൃഷ്ണ ഫിജി അന്താരാഷ്ട്ര ഫുട്ബോള്‍ താരമാണ്. ഫിജിയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ റോയ് കൃഷ്ണ ദേശീയ ടീമിന്റെ നായകന് കൂടിയാണ്. ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്.
ഈ സീസണില്‍ റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ബെംഗളൂരു താരത്തെ സ്വന്തമാക്കുകയായിരുന്നു. സുനില്‍ ഛേത്രിയ്ക്കൊപ്പം റോയ് കൃഷ്ണ കൂടി വരുന്നതോടെ ബെംഗളൂരുവിന്റെ മുന്നേറ്റവിഭാഗം കൂടുതല്‍ കരുത്താര്‍ജിക്കും. ബെംഗളൂരു ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് റോയ് കൃഷ്ണ. ഹാവി ഹെര്‍ണാണ്ടസ്, പ്രബീര്‍ ദാസ്, ഫൈസല്‍ അലി, അമൃത് ഗോപെ, ഹിര മൊണ്ഡാല് എന്നിവര്‍ നേരത്തേ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ഇന്ത്യന്‍ വംശജനായ റോയ് കൃഷ്ണയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച റെക്കോഡുണ്ട്. 2019-2020, 2020-2021 സീസണുകളില്‍ റോയ് കൃഷ്ണയാണ് ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോളടിച്ചത്. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ ഫീനിക്സ് ക്ലബ്ബില്‍ നിന്നാണ് താരത്തെ മോഹന്‍ ബഗാന് കൊണ്ടുവന്നത്.
റോയ് കൃഷ്ണയ്ക്ക് പകരം ദിമിത്രിയോസ് പെട്രറ്റോസ് എന്ന താരത്തെ മോഹന്‍ ബഗാന് സ്വന്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..