മാലി: എ.ടി.കെ മോഹന്‍ ബഗാന് പിന്നാലെ എ.എഫ്.സി കപ്പിന് യോഗ്യത നേടി ബെംഗളൂരു എഫ്.സി. ക്ലബ് ഈഗിള്‍സിനെ കീഴടക്കിയാണ് ബെംഗളൂരു എഫ്.സി എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. 

എതിരില്ലാത്ത ഒരു ഗോളിനാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും വിജയം. ജയേഷ് റാണെയാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ടീം ഗ്രൂപ്പ് ഡി യില്‍ സ്ഥാനം നേടി. എ.ടി.കെ മോഹന്‍ ബഗാനും ഗ്രൂപ്പ് ഡി യിലാണ് മത്സരിക്കുന്നത്. മസിയ എസ് ആന്‍ഡ് ആര്‍.സി, ബഷുന്ധര കിങ്‌സ് എന്നീ ക്ലബ്ബുകളും ഗ്രൂപ്പ് ഡി യിലുണ്ട്.

ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സാര്‍ഥക് ഗൊളൂയി, ജയേഷ് റാണെ, രോഹിത് കുമാര്‍, ഡാനിഷ് ഫാറൂഖ്, ബിദ്യാസാഗര്‍ സിങ്, ശിവശക്തി നാരായണ്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. 

ഓഗസ്റ്റ് 18 ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെയാണ് ബെംഗളൂരു എഫ്.സി നേരിടുക. മാലിദ്വീപില്‍ വെച്ചുതന്നെയാണ് മത്സരം നടക്കുക.

Content Highlights: Bengaluru FC enter AFC Cup group stage