ഷ്ലി വെസ്റ്റ് വുഡിന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള ബെംഗളൂരു എഫ്.സി. ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം നടക്കുമ്പോള്‍ 60 അപേക്ഷകളാണ് അവര്‍ക്കു മുന്നിലുണ്ടായിരുന്നത്. ക്ലബ്ബ് ഫുട്ബോളിലെ മുന്‍കാല വമ്പന്‍താരങ്ങള്‍വരെ അതിലുണ്ടായിരുന്നു. അവരില്‍ നിന്നാണ് അല്‍ബര്‍ട്ട് റോക്കയെന്ന സ്പാനിഷ് പരിശീലകന് നറുക്കുവീണത്.

ബെംഗളൂരു എഫ്.സിയില്‍നിന്നുള്ള വാഗ്ദാനം ലഭിക്കുമ്പോള്‍ ഇറാഖ് അടക്കമുള്ള രാജ്യങ്ങള്‍ പരിശീലകപദവിയുമായി റോക്കയെ സമീപിച്ചിരുന്നു. എന്നാല്‍, കുടുംബത്തിന്റ താത്പര്യവും ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രൊഫഷണലിസവും സ്പാനിഷ് പരിശീലകനെ ഇന്ത്യയിലെത്തിച്ചു.

റോക്കയുടെ തുടക്കം മോശമായിരുന്നു. സന്നാഹമത്സരങ്ങളില്‍ ഡി.എസ്.കെ. ശിവാജ്യന്‍സ് അടക്കമുള്ള ടീമുകളോട് തോല്‍വി. എന്നാല്‍, എ.എഫ്.സി. കപ്പില്‍ ടീം ഉഷാറായി. നാലു കളിയില്‍ രണ്ട് ജയം, രണ്ട് സമനില. സിംഗപ്പൂര്‍ ടീം ടാംപിനെസ് റോവേഴ്സിനെയും മലേഷ്യന്‍ ക്ലബ്ബ് ജെ.ഡി.ടി.യെയും സ്വന്തം ഗ്രൗണ്ടില്‍ തോല്‍പിച്ചാണ് ആദ്യമായി എ.എഫ്.സി. കപ്പ് ഫൈനലിലെത്തുന്ന ഇന്ത്യന്‍ ക്ലബ്ബെന്ന പെരുമയിലേക്ക് റോക്ക ടീമിനെ നയിച്ചത്.

1997-ലാണ് റോക്ക പരിശീലക കരിയര്‍ ആരംഭിക്കുന്നത്. 10 വര്‍ഷം നീണ്ട കളിക്കാലത്തിനുശേഷം യൂറോപ്പ ക്ലബ്ബിലൂടെ കളി പഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, വഴിത്തിരിവാകുന്നത് 2003-ല്‍ ബാഴ്സലോണയില്‍ ഫ്രാങ്ക് റൈയ്ക്കാഡിന്റെ സഹപരിശീലകനാകുന്നതോടെയാണ്. തുടര്‍ന്ന് റൈയ്ക്കാഡ് ഗളത്സരെയിലേക്കും സൗദി അറേബ്യയിലേക്കും പോയപ്പോള്‍ റോക്കയെയും കൂടെക്കൂട്ടി. 2014-ല്‍ എല്‍സാല്‍വദോര്‍ ടീമിന്റെ മുഖ്യപരിശീലകനായി. 2016 ജൂലായ് ആറിന് ബെംഗളൂരുവിലേക്കും 45-കാരന്‍ പരിശീലകനെത്തി.

കളി കാണികള്‍ക്ക്

ബെംഗളൂരുവിനെ മൂന്ന് സീസണിലൊരുക്കിയ, നേട്ടങ്ങളിലേക്ക് നയിച്ച ഇംഗ്ലീഷുകാരന്‍ ആഷ്ലി വെസ്റ്റ്വുഡിന്റെ പ്രതിരോധശൈലിയല്ല റോക്കയുടേത്. ടിക്കി ടാക്കയുടെ സ്വാധീനമില്ലാത്ത സ്പാനിഷ് ശൈലിയാണത്. പന്തുമായി വലകെട്ടി, എതിരാളിയെ മുഷിപ്പിച്ച് ആക്രമണത്തിലേക്ക് പോകുന്ന ശൈലിയേക്കാള്‍ പന്ത് കിട്ടുമ്പോഴെല്ലാം കൃത്യമായ പ്ലാനിങ്ങോടെ ആക്രമിക്കുന്ന രീതിയാണ് റോക്കയുടേത്.

ജെ.ഡി.ടിക്കെതിരായ സെമിഫൈനലിന്റെ രണ്ടാംപാദത്തില്‍ ബെംഗളൂരുവിന്റെ കളികണ്ട് ഫുട്ബോള്‍ പ്രേമികള്‍ അന്തംവിട്ടിരുന്നതും അതുകൊണ്ടാണ്. കാരണം ഒരു ഇന്ത്യന്‍ ക്ലബ്ബ് ഇത്രയും മനോഹരമായി ഫുട്ബോള്‍ കളിക്കുമെന്ന് ആരും കരുതിയില്ല.

കളി കാണികളെ ആനന്ദിപ്പിക്കാനുള്ളതാണെന്ന വിശ്വാസക്കാരനാണ് റോക്ക. ഇതിനായി മാനസികമായും ശാരീരികമായും അവരെ കരുത്തരാക്കുക എന്നതാണ് റോക്കയുടെ അടിസ്ഥാന തത്വം. മലേഷ്യന്‍ ക്ലബ്ബിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബെംഗളൂരു ജയിച്ചുകയറിയതെന്നോര്‍ക്കണം.

ഫൈനലിലും തന്ത്രം മാറ്റാന്‍ റോക്ക തയ്യാറാകണമെന്നില്ല. പ്രതിരോധത്തില്‍ കടിച്ചുതൂങ്ങി ജയിക്കുന്നതിനേക്കാള്‍ ഭംഗിയായി കളിച്ച് ജയിക്കാന്‍ കഴിയുന്ന ടീമിനെ സൃഷ്ടിക്കാനാണ് റോക്കയ്ക്കിഷ്ടം.