ബെർലിൻ: ബുണ്ടസ്‌ലിഗയിൽ ചരിത്രമെഴുതി പോളണ്ടിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടുന്ന ജർമനിക്ക് പുറത്തു നിന്നുള്ള താരം എന്ന റെക്കോഡാണ് ബയറൺ മ്യൂണിക്കിനായി കളിക്കുന്ന ലെവൻഡോവ്സ്കി സ്വന്തം പേരിൽ കുറിച്ചത്.

ഇതോടെ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മുൻതാരം പിയറി എമെറിക് ഒബ്മയാങ്ങിന്റെ റെക്കോഡ് പഴങ്കഥയായി. ഫ്രെയ്ബർഗിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഈ സീസണിൽ ലെവൻഡോവ്സ്കിയുടെ പേരിൽ 33 ഗോളുകളായി.

ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോഡ് മറികടക്കാൻ ലെവൻഡോവ്സ്കിക്ക് എട്ടു ഗോളുകൾ കൂടി മതി. നിലവിൽ 40 ഗോളുകൾ നേടിയ ജെറാർഡ് മുള്ളറുടെ പേരിലാണ് റെക്കോഡ്.

ഈ സീസണിൽ ബയറൺ മ്യൂണിക്ക് ഇതുവരെ 96 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പരിശീലകൻ ഹാൻസി ഫ്ളികിന് കീഴിൽ ഒരൊറ്റ പരാജയം മാത്രമറിഞ്ഞ ബയറൺ കിരീടം നേടിക്കഴിഞ്ഞു. തുടർച്ചയായ 19 മത്സരങ്ങളിൽ പരാജയമറിയാതെയാണ് ബയറണിന്റെ കുതിപ്പ്.

content highlights: Bayern Munichs Robert Lewandowski Claims Bundesliga Record