ലിസ്ബണ്‍: കൊറോണയ്‌ക്കെന്നല്ല, ബയേണിന്റെ കുതിപ്പിന് തടയിടാന്‍ കന്നിക്കിരീടം ലക്ഷ്യമിട്ടുവന്ന പി.എസ്.ജിക്കുമായില്ല. കൊറോണഭീതി പരത്തിയ അനിശ്ചിതത്വത്തിന് തിരശ്ശീലയിട്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തിയിരിക്കുകയാണ് ജര്‍മന്‍ ചാമ്പ്യന്മാര്‍. ബയേണിന്റെ ആറാം കിരീടമാണിത്. ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനൊപ്പമെത്തിയിരിക്കുകയാണ് ബയേണ്‍. എ.സി.മിലാനും റയലല്‍ മാഡ്രിഡും മാത്രമാണ് ഇനി മുന്നില്‍.

പോര്‍ച്ചുഗലിലെ ആളൊഴിഞ്ഞ ലിസ്ബണ്‍ എസ്റ്റാഡിയോ ഡാ ലുസ് സ്‌റ്റേഡിയത്തില്‍ ബയേണിന്റെ കരുത്തിനെ കാര്യമാക്കാതെ പൊരുതിക്കളിച്ച ഫ്രഞ്ച് ചാമ്പ്യന്മായ പി.എസ്.ജി.യെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് ബയേണിന്റെ ആറാം കിരീടലബ്ധി. ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്ന ആദ്യ ടീമെന്ന ബഹുമതിയും ബയേണ്‍ സ്വന്തമാക്കിയിരിക്കുകയാണ്.

bayern

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം അമ്പത്തിയൊന്‍പതാം മിനിറ്റില്‍ ഫ്രഞ്ച് വിംഗര്‍ കിങ്‌സ്‌ലി കോമനാണ് ബയേണിന്റെ വിജയഗോള്‍ വലയിലാക്കിയത്. ജര്‍മന്‍ താരം കിമ്മിച്ചാണ് ഗോളിന് വഴിയുറന്നത്. ഇരുപത് വാര അകലെ നിന്ന് കിമ്മിച്ച് തൊടുത്ത പാസ് ബോക്‌സില്‍ കിട്ടിയ കോമന്‍ കെഹ്‌രരെ വെട്ടിച്ച് ഗോളിലേയ്ക്ക് കുത്തിയിടുകയായിരുന്നു. പന്ത് പ്രതിരോധം തുളച്ച് വലയില്‍ കയറുമ്പോള്‍ നിസ്സഹായനായിരുന്നു ഗോളി കെയ്‌ലര്‍ നവാസ്.

Content Highlights: Bayern Munich Wins UEFA Champions League Football Title Soccer Beats PSG