ഡോര്‍ട്ട്മുണ്‍ഡ്: ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. ഡോര്‍ട്ട്മുണ്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. 

കഴിഞ്ഞ സീസണില്‍ 41 ഗോളുകളുമായി റെക്കോഡിട്ട റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിനായി ഇരട്ട ഗോളുകളുമായി തിളങ്ങി. ബയേണിന്റെ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയതും ലെവന്‍ഡോസ്‌കി തന്നെ.

ഇതോടെ ബയേണിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങാന്‍ പുതിയ കോച്ച് ജൂലിയന്‍ നഗെല്‍സ്മാന് സാധിച്ചു. 

അന്തരിച്ച ജര്‍മനിയുടെയും ബയേണിന്റെയും ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം ആരംഭിച്ചത്. 

41-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയാണ് സ്‌കോറിങ് തുടങ്ങിവെച്ചത്. സെര്‍ജ് നാബ്രിയുടെ ക്രോസ് ഹെഡറിലൂടെ ലെവന്‍ഡോസ്‌കി വലയിലെത്തിക്കുകയായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തോമസ് മുള്ളറിലൂടെ ബയേണ്‍ ലീഡുയര്‍ത്തി. ലെവന്‍ഡോസ്‌കിയുടെ ഗോള്‍ ശ്രമത്തില്‍ നിന്ന് പന്ത് ലഭിച്ച മുള്ളര്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു.

64-ാം മിനിറ്റില്‍ മാര്‍ക്കോ റിയുസ് ഡോര്‍ട്ട്മുണ്‍ഡിനായി ഗോള്‍ മടക്കി. പിന്നാലെ 74-ാം മിനിറ്റില്‍ മാനുവല്‍ അകാന്‍ജിയുടെ പിഴവ് മുതലെടുത്ത് ബയേണ്‍ മൂന്നാം ഗോളും കണ്ടെത്തി. ടൊളീസോയുടെ പാസില്‍ നിന്ന് ലെവന്‍ഡോസ്‌കിയാണ് വീണ്ടും സ്‌കോര്‍ ചെയ്തത്.

Content Highlights: Bayern Munich wins Super Cup after beating Borussia Dortmund