മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ എട്ടാം ബുണ്ടസ് ലിഗ കിരീടം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബയേണ്‍ കിരീടമണിഞ്ഞത്. ബയേണിന്റെ 29-ാം ബുണ്ടസ് ലിഗ കിരീടമാണിത്. 

ആദ്യ പകുതിയില്‍ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ 31-ാം ഗോള്‍ നേട്ടമായിരുന്നു ഇത്. ഈ സീസണില്‍ താരത്തിന്റെ ഗോള്‍ നേട്ടം ഇതോടെ 45 ആയി.

ലീഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 24 വിജയങ്ങളുമായി 76 പോയന്റോടെയാണ് ബയേണിന്റെ കിരീട ധാരണം. രണ്ടാം സ്ഥാനത്തുള്ള ബെറൂസ്സിയ ഡോര്‍ട്ട്മുണ്ടിന് 66 പോയന്റാണുള്ളത്. 

Content Highlights: Bayern Munich wins 8th successive Bundesliga title