മഡ്രിഡ്: വിവിധ ലീഗുകളിലായി ക്ലബ് ഫുട്‌ബോളിലെ വമ്പന്‍ ടീമുകളെല്ലാം തോല്‍വി രുചിച്ചു. മുന്‍നിര ടീമുകളായ പി.എസ്.ജി, റയല്‍ മഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകളാണ് സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയത്. 

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ റെന്നെസാണ് കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റെന്നെസിന്റെ വിജയം. ടീമിനായി 45-ാം മിനിട്ടില്‍ ഗേറ്റണ്‍ ലബോര്‍ഡെയും 46-ാം മിനിട്ടില്‍ ഫ്‌ലാവിയേന്‍ ടെയ്റ്റും ലക്ഷ്യം കണ്ടു. മെസ്സിയും നെയ്മറും എംബാപ്പെയും ഡി മരിയയും ഡോണറുമ്മയും വെറാട്ടിയുമെല്ലാം കളത്തിലിറങ്ങിയിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല. മെസ്സിയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതൊഴികേ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അടിക്കാന്‍ പി.എസ്.ജിയുടെ പേരുകേട്ട മുന്‍നിരയ്ക്ക് സാധിച്ചില്ല. തോറ്റെങ്കിലും 9 മത്സരങ്ങളില്‍ നിന്ന് 24 പോയന്റുകള്‍ നേടി പി.എസ്.ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഈ സീസണിലെ പി.എസ്.ജിയുടെ ആദ്യ തോല്‍വിയാണിത്. 

എസ്പാന്യോളിനോടാണ് റയല്‍ മഡ്രിഡ് തോല്‍വി വഴങ്ങിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീം തോറ്റത്. എസ്പാന്യോളിന് വേണ്ടി റൗള്‍ ഡി തോമസും അലെക്‌സ് വിദാലും ലക്ഷ്യം കണ്ടപ്പോള്‍ റയലിനായി സൂപ്പര്‍താരം കരിം ബെന്‍സേമ സ്‌കോര്‍ ചെയ്തു. ഈ സീസണിലെ റയലിന്റെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും എട്ട് മത്സരങ്ങളില്‍ നിന്ന് 17 പോയന്റുള്ള ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതേ പോയന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് രണ്ടാമത്. 

ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടാണ് അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീം തോറ്റത്. 29-ാം മിനിട്ടില്‍ ലിയോണ്‍ ഗോറെട്‌സ്‌ക നേടിയ ഗോളിലൂടെ ബയേണാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ പിന്നില്‍ നിന്നും രണ്ടുഗോള്‍ തിരിച്ചടിച്ച് ഫ്രാങ്ക്ഫര്‍ട്ട് വിജയം സ്വന്തമാക്കി. മാര്‍ട്ടിന്‍ ഹിന്റെറെഗ്ഗെറും ഫിലിപ്പ് കോസ്റ്റിച്ചും ടീമിനായി സ്‌കോര്‍ ചെയ്തു. ബയേണിന്റെയും സീസണിലെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും ലീഗില്‍ ടീം ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 

Content Highlights: Bayern Munich, Real Madrid and PSG lost match in their respective leagues