ബെര്‍ലിന്‍: ജര്‍മന്‍ കപ്പ് ഫുട്‌ബോളില്‍ ബയറണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. മോഞ്ചന്‍ഗ്ലാഡ്ബാഷുമായി നടന്ന കളിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്‍മാരുടെ തോല്‍വി. ക്ലബ്ബിന്റെ 43 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മോഞ്ചന്‍ഗ്ലാഡ്ബാഷ് മുന്നിലെത്തി. 20 മിനിറ്റ് പിന്നിട്ടപ്പോള്‍ ലീഡ് 3-0 ആയി ഉയര്‍ന്നു.റാമി ബെന്‍സെബെയ്‌നി, ബ്രീല്‍ എംബോളോ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ കൗഡിയോ കോനെ പട്ടിക പൂര്‍ത്തിയാക്കി. തോല്‍വിയോടെ ജര്‍മന്‍ കപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ ബയറണ്‍ പുറത്താവുകയും ചെയ്തു.

കോവിഡ് ബാധിതനായ പരിശീലകന്‍ ജുലിയന്‍ നാഗിള്‍സ്മാന്‍ ഇല്ലാതെയാണ് ബയറണ്‍ മത്സരത്തിനിറങ്ങിയത്. എതിരാളികള്‍ മികച്ച പ്രകടനം നടത്തിയെന്നും മത്സരത്തിന്റെ ഒരു ഘട്ടത്തിലും അവര്‍ ബയറണിനെ കളി നിയന്ത്രിക്കാന്‍ അനുവദിച്ചില്ലെന്നും ക്ലബ്ബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഹസ്സന്‍ സാലിഹാമിടിച്ച്‌ അഭിപ്രായപ്പെട്ടു. പരിശീലകന്‍ ടീമിനൊപ്പമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അഭാവമാണ് തോല്‍വിക്ക് കാരണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: bayern munich lost 5-0 to Monchengladbach in german cup