ഖത്തര്‍:ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മികവിലാണ് ബയേണ്‍ ഫൈനലില്‍ പ്രവേശിച്ചത്.

സെമി ഫൈനലില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയാണ് ബയേണ്‍ കീഴടക്കിയത്. ഫൈനലില്‍ മെക്‌സിക്കോ ചാമ്പ്യന്‍മാരായ ടൈഗേഴ്‌സിനെ ബയേണ്‍ നേരിടും. സെമി ഫൈനലില്‍ ബ്രസീല്‍ ക്ലബ്ബായ പാല്‍മെയ്‌റാസിനെയാണ് ടൈഗേഴ്‌സ് അട്ടിമറിച്ചത്. 

ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍വെച്ചാണ് ബയേണ്‍ അല്‍ അഹ്ലിയെ കീഴടക്കിയത്. 17-ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ ലെവന്‍ഡോസ്‌കി 86-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി ടീമിനെ ഫൈനലിലെത്തിച്ചു. 

നിലവില്‍ ബുണ്ടസ് ലീഗയില്‍ 27 മത്സരങ്ങളില്‍ നിന്നും 29 ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കി തകര്‍പ്പന്‍ ഫോമിലാണ്. ക്ലബ് ലോകകപ്പ് വിജയിച്ചാല്‍ ബാഴ്‌സലോണയ്ക്ക് ശേഷം എല്ലാ അന്താരാഷ്ട്ര ക്ലബ് കിരീടങ്ങളും സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം എന്ന റെക്കോഡ് ബയേണിന് സ്വന്തമാക്കാം. 

32 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അല്‍ അഹ്ലി ബയേണിനെ നേരിട്ടത്. ഇതോടെ ടീമിന്റെ അപരാജിത കുതിപ്പിനും വിരാമമായി. 

Content Highlights: Bayern Munich into Club World Cup final after Robert Lewandowski double