മ്യൂണിക്ക്: ജര്‍മന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. രണ്ടാംനിര ക്ലബ്ബായ ഹോള്‍സ്‌റ്റെയിന്‍ കീയലാണ് ബയേണിനെ അട്ടിമറിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ടീം വിജയം സ്വന്തമാക്കിയത്. 

നിശ്ചിത സമയത്തും അധികസമയത്തും രണ്ടു ഗോള്‍ വീതം നേടി തുല്യത പാലിച്ച ബയേണ്‍-കിയല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാല്‍ട്ടിയില്‍ 6-5 നാണ് കിയലിന്റെ വിജയം. ബയേണിനായി ആറാം കിക്കെടുത്ത മധ്യനിരതാരം മാര്‍ക്ക് റോക്കയുടെ കിക്ക് പാഴായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയുമായി കിയല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

ബുണ്ടസ് ലീഗയല്ലാത്ത ഒരു ടൂര്‍ണമെന്റില്‍ 2000-ത്തിന് ശേഷം ഇതാദ്യമായാണ് ടീം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്താവുന്നത്. ലെവെന്‍ഡോസ്‌കിയും മുള്ളറും ന്യൂയറുമെല്ലാമുണ്ടായിട്ടും ടീമിന് വിജയം നേടാനായില്ല.

സെര്‍ജി നാബ്രി, ലിറോയ് സാനെ എന്നിവരുടെ ഗോളുകളില്‍ മുന്നിട്ടുനിന്ന ബയേണ്‍ പിന്നീട് രണ്ടുഗോളുകള്‍ വഴങ്ങുകയായിരുന്നു. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോഴാണ് കിയല്‍ രണ്ടാം ഗോള്‍ നേടിയത്. 

അടുത്ത റൗണ്ടില്‍ കിയല്‍ മറ്റൊരു രണ്ടാം ഡിവിഷന്‍ ടീമായ ഡാംസ്റ്റാഡിനെ നേരിടും.

Content Highlights: Bayern Munich dumped out of German Cup by second division Kiel on penalties