മ്യൂണിക്ക്: ജര്‍മന്‍ താരവും ബയേണ്‍ മ്യൂണിക്കിന്റെ ഫുട്‌ബോളറുമായ ജെറോം ബോട്ടെങ്ങിന്റെ മുന്‍ കാമുകി കാസിയ ലെന്‍ഹാര്‍ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബോട്ടെങ്ങുമായുള്ള ബന്ധം പിരിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് കാസിയയെ ബേണിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ബെര്‍ലിന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
25 വയസ്സുകാരിയായ കാസിയ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. കഴിഞ്ഞ 15 മാസങ്ങളായി ബോട്ടെങ്ങുമായി പ്രണയബന്ധത്തിലായ കാസിയ താരത്തിനൊപ്പമാണ് താമസിച്ചത്.
ഫെബ്രുവരി രണ്ടിന് ഇവര്‍തമ്മില്‍ വേര്‍പിരിഞ്ഞു. ഇതിനുശേഷം ഇവര്‍തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. ഇവര്‍ തമ്മില്‍ പിരിയുന്ന സമയത്ത് കാസിയയ്ക്ക് ഒരു കാര്‍ അപകടം സംഭവിച്ചിരുന്നു. അന്ന് അമിത മദ്യലഹരിയില്‍ വണ്ടിയോടിച്ച കാസിയ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മുന്‍ കാമുകിയായ റെബേക്ക സില്‍വേറയുമായി ബോട്ടെങ് വീണ്ടും ബന്ധം ആരംഭിച്ചതിനേത്തുടര്‍ന്നാണ് കാസിയ താരവുമായുള്ള ബന്ധം ഉപേക്ഷിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ക്ലബ് ലോകകപ്പ് ഫൈനലില്‍ ബയേണിന് വേണ്ടി കളിക്കാനൊരുങ്ങിയിരുന്ന ബോട്ടെങ് ടീം വിട്ട് നാട്ടിലേക്ക് തിരിച്ചു.
Content Highlights: Bayern Munich Defender Jerome Boateng's Ex-girlfriend Found Dead A Week After Breakup