മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ ജയം. ചിരവൈരികളായ ബയര്‍ ലെവര്‍കൂസനെയാണ് ബയേണ്‍ തകര്‍ത്തത്. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. 

ബയേണിനായി സൂപ്പര്‍താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും സെര്‍ജി നാബ്രിയും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ തോമസ് മുള്ളറും വലകുലുക്കി. പാട്രിക്ക് ഷിക്ക് ലെവര്‍കൂസന്റെ ആശ്വാസ ഗോള്‍ നേടി. 

ഈ വിജയത്തോടെ ബയേണ്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എട്ട് മത്സരങ്ങളില്‍ നിന്ന് 19 പോയന്റാണ് ടീമിനുള്ളത്. ബൊറൂസ്സിയ ഡോര്‍ട്മുണ്ടാണ് രണ്ടാമത്. ലെവര്‍കൂസന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

കഴിഞ്ഞമത്സരത്തില്‍ എയിന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബയേണ്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. 

ഇരട്ട ഗോളുകള്‍ നേടിയതോടെ ബയേണിന്റെ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എട്ടുഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഡോര്‍ട്മുണ്ടിന്റെ എര്‍ലിങ് ഹാളണ്ടാണ് പട്ടികയില്‍ ഒന്നാമത്. ഒന്‍പത് ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്.

Content Highlights: Bayern Munich crush Bayer Leverkusen to return to top of Bundesliga