മ്യൂണിക്: തുടര്‍ച്ചയായ ഒമ്പതാം തവണയും ജര്‍മന്‍ ബുണ്ടസ് ലിഗ ജേതാക്കളായി ബയേണ്‍ മ്യൂണിക്ക്. 

ശനിയാഴ്ച നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ആര്‍.ബി ലെയ്പ്‌സിഗ്, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. 

ഇതോടെ ബയേണ്‍ താരങ്ങളായ തോമസ് മുള്ളറും ഡേവിഡ് അലാബയും 10 ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ ബുണ്ടസ് ലിഗ താരങ്ങളെന്ന റെക്കോഡും സ്വന്തമാക്കി. 

1963-ല്‍ ടോപ് ഡിവിഷന്‍ ആരംഭിച്ച ശേഷം ബയേണിന്റെ 31-ാം ലീഗ് കിരീടമാണിത്. ഹാന്‍സ് ഫ്ളിക്ക് പരിശീലകനായ ശേഷം നേടുന്ന രണ്ടാമത്തെ കിരീടവും. ഈ സീസണോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ഹാന്‍സ് ഫ്ളിക്കിന് കിരീടത്തോടെ മടങ്ങാന്‍ സാധിച്ചു. 

31 കളികളില്‍ നിന്ന് ബയേണിന് 71 പോയന്റും 32 കളികളില്‍ നിന്ന് ലെയ്പ്‌സിഗിന് 64 പോയന്റുമാണുള്ളത്. രണ്ടു കളികള്‍ മാത്രം അവശേഷിക്കുന്ന ലെയ്പ്‌സിഗിന് ഇനി ബയേണിനെ മറികടക്കാനാകില്ല. 

ഇതോടെയാണ് ശനിയാഴ്ച ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കിനെതിരായ മത്സരത്തിന് മുമ്പുതന്നെ ബയേണ്‍ കിരീടം ഉറപ്പിച്ചത്.

Content Highlights: Bayern Munich clinch record-extending 9th successive Bundesliga title