മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ്‌ലീഗയില്‍ ബയറണ്‍ മ്യൂണിക്കിന് തിരിച്ചടി. അവസരങ്ങള്‍ തുലച്ച് എസ്.സി. ഫ്രെയ്ബര്‍ഗിനോട് സമനില വഴങ്ങിയ ബയറണ്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

വോള്‍വ്‌സ്ബര്‍ഗിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച ബറൂസിയ 27 കളികളില്‍ നിന്ന് 63 പോയിന്റോടെ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ബയറണിന് 61 പോയിന്റാണുള്ളത്. ഫ്രെയ്ബര്‍ഗിനെ തോല്‍പിച്ചിരുന്നെങ്കില്‍ ബയറണിനും 63 പോയിന്റാകുമായിരുന്നു. മെച്ചപ്പെട്ട ഗോള്‍ശരാശരി ഉള്ളതുകൊണ്ട് ഒന്നാം സ്ഥാത്ത് തുടരാനുമാകുമായിരുന്നു.

മൂന്നാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ട ലൂക്കാസ് ഹോളറിന്റെ ഗോളില്‍ ഫ്രെയ്ബര്‍ഗാണ് ആദ്യം ലീഡ് നേടിയത്. 22-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവസ്‌കി ബയറണിനെ ഒപ്പമെത്തിച്ച് മാനംകാത്തു. തുടര്‍ച്ചയായ ഏഴ് ജയങ്ങള്‍ക്കൊടുവിലുള്ള ബയറിന്റെ ആദ്യ സമനിലയായിരുന്നു ഇത്.

അവസാന അഞ്ചു മിനിറ്റില്‍ പാക്കോ അലാസെറാണ് ബറൂസിയയുടെ വിജയഗോളുകള്‍ നേടിയത്. ആദ്യത്തേത് തൊണ്ണൂറാം മിനിറ്റിലും രണ്ടാമത്തേത് തൊണ്ണൂറ്റി നാലാം മിനിറ്റിലും. ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍.

ലീഗില്‍ നിന്ന് ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അടുത്ത മാസം അലൈന്‍സ് അരീനയില്‍ ഇരു ടീമുകളും മുഖാമുഖം വരുന്നുമുണ്ട്.