അല്‍ റയ്യാന്‍ (ഖത്തര്‍): മെക്‌സിക്കന്‍ ക്ലബ്ബ് ടൈഗ്രസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക്. 

സീസണില്‍ ബയേണ്‍ നേടുന്ന ആറാമത്തെ കിരീടമാണിത്. ഇതോടെ ഒരു സീസണില്‍ ആറു കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടവും ബയേണ്‍ സ്വന്തമാക്കി. 2009-ല്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.

59-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. 

ഈ സീസണില്‍ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയ ബയേണിന്റെ ഷെല്‍ഫില്‍ ഇപ്പോഴിതാ ക്ലബ്ബ് ലോകകപ്പും.

2019 നവംബറില്‍ ബയേണ്‍ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഹാന്‍സി ഫ്‌ളിക്ക് സ്വന്തമാക്കുന്ന ആറാമത്തെ കിരീടമാണിത്. 

ബയേണിന്റെ രണ്ടാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. 2013-ലാണ് ടീം ഇതിനു മുമ്പ് കിരീടം നേടിയത്.

Content Highlights: Bayern Munich became just the second club to win six titles in one season