ലിസ്ബണ്‍: പ്രതീക്ഷ തെറ്റിയില്ല, അട്ടിമറി ഉണ്ടായില്ല, ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിനെ തകര്‍ത്ത് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. 

ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്റെ ജയം. സെര്‍ജ് നാബ്രി ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിന്റെ മൂന്നാം ഗോള്‍ നേടി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയാണ് ഫൈനലില്‍ ബയേണിന്റെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനല്‍. 

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബയേണിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ഇത് 11-ാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്.

ബാഴ്‌സലോണയെ 8-2 ന് തകര്‍ത്ത അതേ തരത്തില്‍ മികച്ച ആക്രമണമാണ് ബയേണ്‍ കാഴ്ചവെച്ചത്. എന്നാല്‍ ലിയോണിന്റെ പ്രതിരോധം മറികടക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ലിയോണ്‍ ബയേണ്‍ ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്തു. എന്നാല്‍ 18-ാം മിനിറ്റില്‍ നാബ്രിയിലൂടെ ലീഡെടുത്തതോടെ മത്സരത്തില്‍ ബയേണ്‍ പിടിമുറുക്കി. 

പിന്നീട് 33-ാം മിനിറ്റില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ നിന്നാണ് നാബ്രി ബയേണിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഈ സീസണില്‍ താരത്തിന്റെ ഒമ്പതാം ഗോളായിരുന്നു ഇത്. 

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഉറച്ചാണ് ലിയോണ്‍ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങള്‍ നടത്താനും അവര്‍ക്കായി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. മത്സരം തീരാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിന്റെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു. കിമ്മിച്ചിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോള്‍. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ 15-ാം ഗോളായിരുന്നു ഇത്. ഈ സീസണിലെ ലെവന്‍ഡോസ്‌കിയുടെ ആകെ ഗോള്‍ നേട്ടം 55 ആകുകയും ചെയ്തു.

1998-നു ശേഷം ആദ്യമായാണ് ആഭ്യന്തര ലീഗുകളില്‍ ജേതാക്കളായ രണ്ടു ടീമുകള്‍ തമ്മില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അന്ന് സീരി എ ജേതാക്കളായ യുവെന്റസും ലാ ലിഗ ജേതാക്കളായ റയല്‍ മാഡ്രിഡും തമ്മിലായിരുന്നു ഫൈനല്‍.

Content Highlights: Bayern Munich beats Lyon to play PSG in UEFA Champions League final