ല്യൂവന്‍: സൗഹൃദമത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോൽപ്പിച്ച് ബെല്‍ജിയം. മിച്ചി ബാറ്റ്ഷുവായിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബെല്‍ജിയം വിജയം നേടിയത്. 

ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ബെല്‍ജിയം കളിയിലേക്ക് തിരിച്ചുവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി കളിയുടെ 12-ാം മിനിട്ടില്‍ അഡ്മിര്‍ മെഹ്മെദിയാണ് ആദ്യം ബെല്‍ജിയം വല കുലുക്കിയത്. പിന്നീട് ഉണര്‍ന്നുകളിച്ച ബെല്‍ജിയം ബാറ്റ്ഷുവായിയുടെ മികവില്‍ തിരിച്ചുവന്നു. 57-ാം മിനിട്ടിലും 70-ാം മിനിട്ടിലും ഗോള്‍ നേടി ബാറ്റ്ഷുവായി ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിന്റെ താരമാണ് ബാറ്റ്ഷുവായി.

നിലവില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം പ്രമുഖ താരങ്ങളില്ലാതെയാണ് കളിക്കാനിറങ്ങിയത്. കെവിന്‍ ഡിബ്രുയിനെ, ഡ്രൈസ് മാര്‍ട്ടിനെസ്, റൊമേലു ലുക്കാക്കു, ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹസാര്‍ഡ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റീനിലാണ്. 

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയുള്ള വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. നേഷന്‍സ് ലീഗില്‍ കരുത്തരായ ഇംഗ്ലണ്ടും ഡെന്മാര്‍ക്കുമാണ് ബെല്‍ജിയത്തിന്റെ അടുത്ത എതിരാളികള്‍. 

Content Highlights: Batshuayi nets 2 as Belgium beats Switzerland 2-1