ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള 20 വർഷത്തെ ബന്ധം ഉപേക്ഷിക്കാനൊരുങ്ങുകയാണ് ലയണൽ മെസ്സി. ക്ലബ്ബ് വിടാനുള്ള താത്‌പര്യം പരസ്യമാക്കി മെസ്സി ബാഴ്സയ്ക്ക് ട്രാൻസ്‌ഫറിനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഇതിന് പിന്നാലെ ക്ലബ്ബ് ഡയറക്ടർമാർ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാകും മെസ്സി ബാഴ്സയിൽ തുടരമോ അതോ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറുമോ എന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുക.

അതേസമയം ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യു സ്ഥാനമൊഴിയുമെന്നും മെസ്സി ടീമിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. മെസ്സിയും ബർത്തോമ്യുവും തമ്മിൽ നേരത്തെ തന്നെ അസ്വാര്യസ്യങ്ങളുണ്ടായിരുന്നു. ബർത്തോമ്യു സ്ഥാനമൊഴിയുന്നതോടെ മെസ്സിയുട ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ബാഴ്സ മാനേജ്മെന്റ് കണക്കുകൂട്ടുന്നത്.

മെസ്സി ബാഴ്സ വിടുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് സാധ്യത. സിറ്റിയുടെ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയാണ് അർജന്റൈൻ താരത്തെ ആകർഷിക്കുന്ന ഘടകം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച്ച മെസ്സി ഗ്വാർഡിയോളയുമായി ഫോണിൽ സംസാരിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസ്സി ഗ്വാർഡിയോളയുമായി സംസാരിച്ചത്.

നാല് വർഷം ഗ്വാർഡിയോളയും മെസ്സിയും ബാഴ്സയിൽ ഒരുമിച്ചുണ്ടായിരുന്നു. 2008 മുതൽ 2012 വരെയായിരുന്നു ഗ്വാർഡിയോള ബാഴ്സയുടെ പരിശീലകനായത്. മെസ്സിയുടെ പ്രിയപ്പെട്ട പരിശീലകൻ കൂടിയാണ് ഗ്വാർഡിയോള.

യൂറോപ്പിലെ ക്ലബ്ബുകൾ വരവിനേക്കാൾ കൂടുതൽ പണം ചിലവഴിക്കുന്നത് തടയാൻ യുവേഫ നടപ്പാക്കിയ ഫിനാൻഷ്യൽ ഫെയർ പ്ലേയ്ക്കുള്ളിൽനിന്ന് മെസ്സിയെ എങ്ങനെ ടീമിലെത്തിക്കാം എന്നാണ് സിറ്റിയുടെ ആലോചന. ബാഴ്സ മെസ്സിയെ വിൽക്കാൻ തയ്യാറായാൽ അതിന് വേണ്ടിവരുന്ന ചിലവുകൾ കണക്കുകൂട്ടുകയാണ് സിറ്റി. ഏകദേശം 222 മില്ല്യൺ യുറോയാണ് ബാഴ്സ മെസ്സിക്കായി ആവശ്യപ്പെടുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. അങ്ങനെയെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ റെക്കോഡ് കൈമാറ്റ തുകയാകും അത്.

Content Highlights: Barcelonas Lionel Messi spoke with Pep Guardiola about Manchester City move