യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറെക്കുറെ സുരക്ഷിതമാണ് സ്പാനിഷ് ക്ലബ് എഫ്.സി. ബാഴ്‌സലോണയുടെ നില. രണ്ടാംപാദ സെമിക്ക് ഇറങ്ങുമ്പോള്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനെതിരേ മടക്കമില്ലാത്ത മൂന്ന് ഗോളിന്റെ മേല്‍ക്കൈയുണ്ട് അവര്‍ക്ക്.

എന്നാല്‍, എതിരാളികളുടെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ഒരു തരത്തിലുള്ള റിസ്‌ക്കുമെടുക്കാന്‍ തയ്യാറല്ല ബാഴ്‌സ. അതുകൊണ്ട് തന്നെ മുന്‍നിര താരങ്ങളായ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഇവാന്‍ റാക്കിറ്റിച്ച്, ജെറാഡ് പിക്വെ, സെര്‍ജിയോ ബുസ്‌ക്കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ക്ലബ്. ലിവര്‍പൂളിനെതിരായ രണ്ടാംപാദ സെമിക്ക് മുന്‍പ് ലാലീഗയില്‍ സെല്‍റ്റ വിഗയ്‌ക്കെതിരേ നടക്കുന്ന മത്സരത്തിലാണ് മൂന്ന് പേര്‍ക്കും വിശ്രമം അനുവദിച്ചത്. യുവതാരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെയാണ് സെല്‍റ്റയ്‌ക്കെതിരേ ഇറക്കുന്നത്.

ലാ ലീഗയിലും ഏറെക്കുറെ സുരക്ഷിതമാണ് ബാഴ്‌സയുടെ നില. മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ 83 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നിലാണ് അവര്‍. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡുണ്ട് അവര്‍ക്ക്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും അത്‌ലറ്റിക്കോയ്ക്ക് 83 പോയിന്റേ ആവൂ. ഗോള്‍ശരാശരിയിലും അത്‌ലറ്റിക്കോയേക്കാള്‍ മികച്ച നിലയിലാണ് ബാഴ്‌സ.

Content Highlights: Barcelonas Lionel Messi, Luis Suarez and Ivan Rakitic Rested For Match Against CeltaViga La Liga