ക്യാമ്പ് നൗ: ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ വിജയം. എസ്പാന്യോളിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയ ബാഴ്‌സലോണ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവന്നു. ഇരട്ട ഗോളുമായി ലൂയി സുവാരസ് മത്സരത്തില്‍ തിളങ്ങി.

കളി തുടങ്ങി 18ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ട സുവാരസ് 67ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 68ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബയിലൂടെ ബാഴ്‌സ മൂന്നു ഗോളിന്റെ ലീഡിലെത്തി. പതിനൊന്ന് മിനിറ്റിന് ശേഷം ലോപ്പസ് സില്‍വയിലൂടെ എസ്പാന്യോള്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ബാഴ്‌സയുടെ വിജയം തടയാന്‍ അത് മതിയാകുമായിരുന്നില്ല. കളിയുടെ 90ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ഒരു ഗോള്‍ നേടിയതിനോടൊപ്പം സുവാരസിന്റെ രണ്ടാം ഗോളിലേക്കും ആല്‍ബയുടെ ഗോളിലേക്കുമുള്ള വഴിയൊരുക്കിയത് മെസ്സിയായിരുന്നു. നാല് എസ്പാനിയോള്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചാണ് മെസ്സി സുവാരസിനും ആല്‍ബയ്ക്കും പന്തെത്തിച്ചു കൊടുത്തത്. 

വിജയത്തോടെ ഒന്നാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറയ്ക്കാന്‍ ബാഴ്‌സക്ക് സാധിച്ചു. ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യമുള്ള റയല്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. 

അഞ്ചാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിലൂടെ ആഴ്‌സണലാണ് ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുയിതില്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചടിക്കുകയായിരുന്നു. 47ാം മിനിറ്റില് ലെറോയ് സെയ്‌നും 71ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങും സിറ്റിക്കായി ഗോള്‍ നേടി. ജയത്തോടെ 36 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തെത്തി. 34 പോയിന്റുള്ള ആഴ്‌സണല്‍ നാലാമതാണ്.