ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിനു കീഴിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ജയം. 

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ എസ്പാന്യോളിനെ മറികടന്നു.

ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും ബാഴ്‌സയ്ക്ക് ഗോള്‍മാത്രം നേടാനായില്ല.

ഒടുവില്‍ 48-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെംഫിസ് ഡീപേയാണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടുന്നത്. ഇതിനു പിന്നാലെ ഫ്രാങ്കി ഡിയോങ് ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായിരുന്നു. 

അതേസമയം മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ആക്രമണം ശക്തമാക്കിയ എസ്പാന്യോള്‍ ബാഴ്‌സ പ്രതിരോധത്തെ വിറപ്പിച്ചു. എങ്കിലും ഗോള്‍വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കാള്‍ ബാഴ്‌സയ്ക്കായി.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബാഴ്‌സ ആറാം സ്ഥാനത്തെത്തി.

Content Highlights: Barcelona won against Espanyol on Xavi debut