മാഡ്രിഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി. ഈ സീസണില്‍ ബാഴ്‌സയിലെത്തിയ സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക്. പത്ത് ആഴ്ച്ചയോളം അഗ്യൂറോ വിശ്രമത്തിലായിരിക്കുമെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു. 

അര്‍ജന്റീനാ താരത്തിന്റെ വലതു തുടയ്ക്കാണ് പരിക്കേറ്റത്. ഇതോടെ ബാഴ്‌സയിലെ തന്റെ ഉദ്ഘാടന സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും അഗ്യൂറോയ്ക്ക് നഷ്ടമാകും. 

മെസ്സിയും അഗ്യൂറോയും ഒരുമിച്ച് ബാഴ്‌സലോണയുടെ ജഴ്‌സിയില്‍ കളിക്കുന്നത് കാണാമെന്ന സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിബന്ധനകള്‍ കാരണം മെസ്സി ബാഴ്‌സ വിട്ടതോടെ ആരാധകര്‍ക്ക് ആ നിമിഷം നഷ്ടമായി. 

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് അഗ്യൂറോയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ 17 മത്സരങ്ങളില്‍ അഗ്യൂറോ സൈഡ് ബെഞ്ചിലായിരുന്നു.

Content Highlights: Barcelona without injured Sergio Aguero for 10 weeks