ക്യാമ്പ് നൗ: ഫുട്‌ബോള്‍ ആരാധകര്‍ എന്നും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് എല്‍ ക്ലാസികോ. സ്പാനിഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മുഖാമുഖം വരുമ്പോള്‍ കളത്തില്‍ തീപ്പൊരി ചിതറും. ഞായറാഴ്ച്ച രാത്രി നടന്ന ലാ ലിഗ ഈ സീസണിലെ രണ്ടാം എല്‍ ക്ലാസികോയിലും തീപ്പൊരി ചിതറി.
കൊണ്ടും കൊടുത്തും ബാഴ്‌സയുടേയും റയലിന്റേയും താരങ്ങള്‍ മുന്നേറിയപ്പോള്‍ അതിനിടയില്‍ ബാഴ്‌സ താരം സെര്‍ജി റോബര്‍ട്ടോയ്ക്ക് റെഡ് കാര്‍ഡും കിട്ടി. എട്ടു മഞ്ഞക്കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.
റയലിന്റെ പ്രതിരോധ താരങ്ങളായ മാഴ്‌സെലൊ, സെര്‍ജിയോ റാമോസ്, വരാനെ, നാച്ചോ എന്നിവരെല്ലാം മഞ്ഞക്കാര്‍ഡുമായാണ് കളം വിട്ടത്. ബാഴ്‌സ നിരയില്‍ ലയണല്‍ മെസ്സിയും ലൂയി സുവാരസും ഇവാന്‍ റാക്കിറ്റിച്ചും മഞ്ഞക്കാര്‍ഡ് കണ്ടു.
പൊതുവെ സൗമ്യ സ്വഭാവക്കാരനായ മെസ്സിക്ക് വരെ എല്‍ ക്ലാസികോയില്‍ നിയന്ത്രണം വിട്ടു. ബാഴ്‌സ താരങ്ങളെ പ്രകോപിപ്പിച്ച സെര്‍ജിയോ റാമോസായിരുന്നു മെസ്സിയുടെ ഇര. പന്ത് നിയന്ത്രിക്കുന്നതിനിടയില്‍ ഓടിപ്പോയി റാമോസിനെ മെസ്സി കാല് വെച്ച് വീഴ്ത്തുകയായിരുന്നു. അതും റഫറിയുടെ മുന്നില്‍ വെച്ച്. ഉടനെത്തന്നെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ബാഴ്‌സ താരങ്ങളെ നിരന്തരം പ്രകോപിക്കുന്ന റാമോസിന് മെസ്സി കൊടുത്ത പണിയാണിതെന്നാണ് ബാഴ്‌സ ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.
How was the taste of your own medicine @SergioRamos 😂
— Messi🐐 (@HeartOfBarca) May 6, 2018
Brilliant from my goatpic.twitter.com/hjDo4yquNw
മാഴ്‌സെലോയെ മുഖത്തടിച്ചതിനാണ് റോബര്‍ട്ടോയ്ക്ക് ചുവപ്പ് കിട്ടിയത്. സുവാരസും റാമോസും തമ്മില്‍ കൈയാങ്കളിക്ക് മുതിര്‍ന്നതോടെ ഇരുവര്‍ക്കും റഫറി മഞ്ഞ കൊടുത്തു. അതിനിടയില്‍ കാസെമിറോ സുവരാസിനെ തള്ളുകയും ചെയ്തു. ആദ്യ പകുതിയില്‍ ഗരെത് ബെയ്ല്‍ ചുവപ്പ് കാര്‍ഡ് കാണേണ്ട ഫൗള്‍ ചെയ്‌തെങ്കിലും റഫറി കണ്ടില്ല. ഒപ്പം ജോര്‍ഡി ആല്‍ബ റയല്‍ മിഡ്ഫീല്‍ഡര്‍ മോഡ്രിച്ചിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഇത് ഇരുവരുമായി സംസാരിച്ച് റഫറി കാര്‍ഡ് എടുക്കാതെ പരിഹരിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മെസ്സിയുടെ ഗോളിലേക്ക് വഴിവെച്ചത് സുവാരസ് നല്‍കിയ പാസ്സായിരുന്നു. എന്നാല്‍ ഈ പാസ്സ് നല്‍കുന്നതിനിടയില്‍ സുവാരസ് റയല്‍ ഡിഫന്‍ഡര്‍ വരാനെയെ വീഴ്ത്തിയിരുന്നു. പക്ഷേ അത് റഫറി കണ്ടില്ല. ഇത് മത്സരശേഷം സുവാരസ് പറയുകയും ചെയ്തു. ചില ദിവസങ്ങളില്‍ അങ്ങനെയാണെന്നും വരാനെ പന്ത് നിയന്ത്രിക്കുന്നതിനിടയില്‍ താന്‍ ചെറുതായി ഫൗള്‍ ചെയ്‌തെന്നും സുവാരസ് പ്രതികരിച്ചു. എന്നാല്‍ റഫറിയുടെ തീരുമാനമാണ് അവസാനത്തേതെന്നും സുവാരസ് വ്യക്തമാക്കി. രണ്ടാം പകുതിയില്‍ ബോക്‌സില്‍ വെച്ച് മാഴ്‌സലോയെ ജോര്‍ഡി ആല്‍ബ വീഴ്ത്തുകയും ചെയ്തു. റയല്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി കൊടുത്തില്ല. ഒടുവില്‍ ഫൈനല്‍ വിസിലൂതുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 2-2 എന്നായിരുന്നു.
Content Highlights:Barcelona vs Real Madrid El Clasico Lionel Messi vs Sergio Ramos