ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന എല്‍ക്ലാസിക്കോ വീണ്ടും. സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡും ബാഴ്‌സലോണയും ശനിയാഴ്ച നേര്‍ക്കുനേര്‍ വരും. രാത്രി 7.30ന് ബാഴ്‌സയുടെ ഗ്രൗണ്ടായ നൗക്കാമ്പിലാണ് മത്സരം.

ചാമ്പ്യന്‍സ് ലീഗില്‍ യുക്രൈന്‍ ക്ലബ്ബ് ഷാക്തര്‍ ഡൊണെറ്റ്‌സ്‌കില്‍നിന്ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറും മുമ്പാണ് റയല്‍ നൗകാമ്പിലെത്തുന്നത്. ബാഴ്‌സയാകട്ടെ ഫെറാങ്ക്‌വാറോസിനെതിരേ വന്‍ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും.

ലാലിഗയില്‍ ഇരുടീമുകളും മികച്ച ഫോമിലെത്തിയിട്ടില്ല. അവസാന കളിയില്‍ ഇരുടീമുകളും തോറ്റു. റയലിനെ കാഡിസ് തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സ ഗറ്റാഫെക്ക് മുന്നില്‍ വീണു. തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ സമ്മര്‍ദത്തിലാണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍. ലീഗില്‍ അഞ്ച് കളിയില്‍ 10 പോയന്റുമായി റയല്‍ മൂന്നാമതാണ്. നാല് കളിയില്‍ ഏഴ് പോയന്റുള്ള ബാഴ്‌സ ഒമ്പതാം സ്ഥാനത്തും. സൂപ്പര്‍താരം മെസ്സിയുടെ സാന്നിധ്യമാണ് ബാഴ്‌സയുടെ കരുത്ത്. നായകന്‍ സെര്‍ജി റാമോസിലാണ് റയല്‍ വിശ്വാസമര്‍പ്പിക്കുന്നത്.

ഇതുവരെ 244 തവണ റയലും ബാര്‍സയും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും 96 കളികളില്‍ വീതം ജയിച്ചു. 52 എണ്ണം സമനിലയായി. 

Content  Highlights: Barcelona vs Real Madrid, 2020 El Clasico