നൂ കാമ്പ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സ്വപ്‌ന തുല്ല്യമായ തുടക്കം. റയല്‍ ബെറ്റിസിനെ രണ്ടിനെതിരെ ആറു ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ലൂയി സുവാരസ് ഹാട്രിക് ഗോളുമായും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ട ഗോളുമായും മത്സരത്തില്‍ തിളങ്ങി. 

ബ്രസീല്‍ താരം നെയ്മറില്ലാതെ കളിക്കാനിറങ്ങിയ ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത് ടര്‍ക്കിഷ് താരം ആര്‍ദ ടുറാനാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് ടുറാന്റെ മൂന്നാമത്തെ ഗോളായിരുന്നു അത്‌ . 21ാം മിനിറ്റില്‍ റൂബന്‍ കാസ്‌ട്രോ ഒരു ബുള്ളറ്റ് ഫ്രീ കിക്കിലൂടെ ബെറ്റിസിന് സമനില സമ്മാനിച്ചു. എന്നാല്‍ ആദ്യ പകുതിക്ക് മുമ്പെ ലയണല്‍ മെസ്സിയും ലൂയി സുവാരസും വീണ്ടും ബാഴ്‌സയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. 

മെസ്സിയുടെ ഇരട്ട ഗോളുകള്‍

 

രണ്ടാം പകുതിയുടെ തുടക്കത്തില്‍  മെസ്സിയുടെ പാസില്‍ സുവാരസ് ബാഴ്‌സയുടെ നാലാം ഗോള്‍ നേടിയതിന് തൊട്ടു പിന്നാലെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ മെസ്സി ബാഴ്‌സലോണയുടെ അഞ്ചാം ഗോളും നേടി. കളി തീരാന്‍ എട്ട് മിനിറ്റ് ബാക്കി നില്‍ക്കെ സുവാരസ് ബെറ്റിസിന്റെ പരാജയമുറപ്പിച്ച് തന്റെ ഹാട്രിക് ഗോളിലെത്തി. മനോഹരമായ ഒരു ഫ്രീ കിക്കില്‍ നിന്നായിരുന്നു സുവാരസിന്റെ മൂന്നാം ഗോള്‍ പിറന്നത്. 84ാം മിനിറ്റില്‍ റൂബന്‍ കാസ്‌ട്രോ ബെറ്റിസിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും അപ്പോഴേക്കും ബാഴ്‌സലോണ വിജയമുറപ്പിച്ചിരുന്നു. ബാഴ്‌സലോണയ്ക്കായി 98ാം മത്സരം കളിച്ച സുവാരസ് 88 ഗോളുകളാണ് ഇതുവരെ സ്പാനിഷ് ടീമിനായി നേടിയത്.