ബാഴ്സലോണ: കാറ്റലോണിയ നടത്തിയ ഹിതപരിശോധനയ്ക്കെതിരായ സ്പാനിഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് കാണികളില്ലാതെ കളിച്ച ബാഴ്സലോണ ലാ പാമാസിനെ മൂന്നുഗോളിന് തോല്‍പിച്ചു. 

സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് ഞായറാഴ്ച കാറ്റലോണിയ നടത്തിയ ഹിതപരിശോധനയെ സ്പാനിഷ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ പ്രദേശത്താകെ സംഘര്‍ഷം പടര്‍ന്നു. ഇതിനിടെയാണ് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മത്സരം നടന്നത്. മത്സരം ഉപേക്ഷിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. 

കാറ്റലോണിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഞായറാഴ്ചത്തെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും മാറ്റിവെച്ചു. എന്നാല്‍, ലാ ലിഗ അധികൃതര്‍ ബാഴ്സ-ലാ പാമാസ് മത്സരം മാറ്റിവെക്കാന്‍ തയ്യാറായില്ല. ഇതോടെ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാതെ കളിച്ചു. ഹിതപരിശോധനയ്ക്കെതിരായ സര്‍ക്കാര്‍ നടപടിയെ ഫുട്ബോള്‍ ക്ലബ്ബ് അപലപിച്ചു. സെര്‍ജിയോ ബുസ്‌കെറ്റ്സ് (49), മെസ്സി (70, 77) എന്നിവരാണ് ബാഴ്സയ്ക്കായി സ്‌കോര്‍ ചെയ്തത്.