ബാഴ്‌സലോണ: കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ബാഴ്‌സലോണ അവസാനമായി സ്വന്തം ഗ്രൗണ്ടായ നൗകാമ്പില്‍ തോറ്റത്. അന്ന് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ മിന്നുന്ന ഫോമിന് മുന്നിലായിരുന്നു കറ്റാലന്‍ ക്ലബ്ബിന്റെ കീഴടങ്ങല്‍. അതിനുശേഷം ഇതുവരെ നൗകാമ്പില്‍ ബാഴ്‌സ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല.

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിനായി ലാ ലിഗ ക്ലബ്ബിന്റെ തട്ടകത്തിലേക്ക് വണ്ടി കയറുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിക്ക് മുന്നിലുള്ള വെല്ലുവിളിയുമിതാണ്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും (1-1) സമനിലയില്‍ പിരിഞ്ഞിരുന്നു.

ബുധനാഴ്ച്ച രാത്രി ബാഴ്‌സയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയോ, ഒന്നില്‍ കൂടുതല്‍ ഗോളുകളുടെ സമനില സ്വന്തമാക്കിയാലോ മാത്രമേ നീലക്കുപ്പായക്കാര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവൂ. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട ചെല്‍സിക്ക് മുന്നിലുള്ള ഏകപ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്. മറുഭാഗത്ത് ലാ ലിഗ കിരീടം ഏറെക്കുറെയുറപ്പിച്ച ബാഴ്‌സ ചാമ്പ്യന്‍സ് ലീഗും നേടി ഇരട്ട നേട്ടത്തിനാണ് കച്ച കെട്ടുന്നത്. ഗോള്‍രഹിത സമനില കിട്ടിയാല്‍ പോലും ബാഴ്‌സ അവസാന എട്ടിലേക്ക് മുന്നേറും.

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ ജയവുമായാണ് ചെല്‍സിയുടെ വരവ്. മറുഭാഗത്ത് ഗോളടിയന്ത്രം മെസ്സിയില്ലാതിരുന്നിട്ടും മലാഗയ്‌ക്കെതിരെ ജയം സ്വന്തമാക്കിയാണ് ബാഴ്‌സ ഒരുക്കം തിട്ടപ്പെടുത്തിയത്.

Content highlights: Barcelona vs Chelses Champions League Football