മാഡ്രിഡ്: രണ്ട് നിര്‍ണായക പോരാട്ടങ്ങള്‍ക്കാണ് ലാ ലിഗ ബുധനാഴ്ച സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 17ാം തുടര്‍വിജയമെന്ന ലീഗ് റെക്കോഡിനായി റയല്‍ മാഡ്രിഡ് വിയ്യാറയലിനെ നേരിടുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ കടുത്ത എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡുമായി കളിക്കും.

എസ്പാന്യോളിനെതിരെ കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍ എന്നിവര്‍ തിരികെയെത്തുന്നത് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന് ആശ്വാസമാണ്. ക്രൂസ്, മോഡ്രിച്ച് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച ഹാമിഷ് റോഡ്രിഗസിനേയും ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. എല്ലാ മത്സരത്തിലും ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് റയലിന്റെ കരുത്ത്.

ബാഴ്‌സലോണയും അത്‌ലറ്റിക്കോയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം പ്രവചനാതീതമാകും. സ്വന്തം തട്ടകത്തില്‍ കളിക്കുന്നത് ബാഴ്‌സക്ക് അനുകൂലഘടകമാണ്. കഴിഞ്ഞ മത്സരത്തില്‍ ലെഗാനെന്‍സിനെതിരെ 51 ന് ജയിക്കുകയും അതിന് മുമ്പത്തെ മത്സരത്തില്‍ അലാവ്‌സിനെതിരെ തോല്‍ക്കുകയും ചെയ്ത ബാഴ്‌സലോണയുടെ പ്രകടനം പ്രവചനാതീമാണ്. 

ronaldo

എന്നാല്‍ സീസണില്‍ ഒരു ഹാട്രിക്ക് അടക്കം എട്ട് ഗോള്‍ കണ്ടെത്തിയ മെസ്സിയും നെയ്മര്‍-സുവാരസ് സഖ്യവും ഫോമിലേക്കുയര്‍ന്നാണ് ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. മധ്യനിരയുടെ പ്രകടനവും നിര്‍ണായകമാണ്. ഇവാന്‍ റാക്കിട്ടിച്ചും ആന്ദ്രെ ഇനിയേസ്റ്റയും ഒപ്പം കളിക്കാന്‍ മികച്ച മൂന്നാമനില്ലാത്തത് ടീമിനെ അലട്ടുന്നുണ്ട്.

മറുവശത്ത് തുടരെ ഗോളടിക്കുന്ന അന്റോയിന്‍ ഗ്രിസ്മാന്‍ മുന്നേറ്റത്തിലും ഗാബി, കോക്കെ, സോള്‍ നിഗുസ്, കറാസ്‌കോ, എന്നിവര്‍ കളിക്കുന്ന മധ്യനിരയും അത്‌ലറ്റിക്കോയ്ക്കുണ്ട്. എതിര്‍തട്ടകത്തില്‍ കളിക്കുന്നതിനാല്‍ കടുത്ത പ്രതിരോധമുറകള്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കാം.