ബാഴ്സലോണ: പരിശീലകൻ സെറ്റിയന് പിന്നാലെ സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലിനേയും പുറത്താക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ടീമിന്റെ ഈ സീസണിലെ ദയനീയ പ്രകടനത്തിൽസ്പോർട്ടിങ് ഡയറക്ടറായ അബിദാലിനും നിർണായക പങ്കുണ്ടെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ പുറത്താക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

2018-ലാണ് ബാഴ്സയുടെ മുൻതാരം കൂടിയായ അബിദാൽ സ്പോർട്ടിങ് ഡയറക്ടറായി ടീമിനൊപ്പം ചേരുന്നത്. എന്നാൽ പിന്നീട് ടീമിലെത്തിച്ച പല താരങ്ങളും ബാഴ്സയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതിനോടൊപ്പം കളിയിലും പിന്നോട്ടുപോയി. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ അബിദാൽ കളിക്കാരെ വിമർശിച്ചിരുന്നു. എന്നാൽ ഇതിനെതിരേ ലയണൽ മെസ്സി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ വർഷം ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടറിൽ ബാഴ്സ തോറ്റിരുന്നു. ബയേൺ മ്യൂണിക്കിനോട് എട്ടു ഗോൾ വഴങ്ങിയാണ് ബാഴ്സ പരാജയപ്പെട്ടത്. ഒപ്പം ലാ ലിഗയിലും ബാഴ്സയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാഴ്സയേക്കാൾ അഞ്ചു പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് ലീഗ് ചാമ്പ്യൻമാരായി. കോപ്പ ഡെൽറോയുടെ ക്വാർട്ടർ ഫൈനലിലും ബാഴ്സ തോറ്റ് പുറത്തായി. അത്ലറ്റിക്കോ ബിൽബാവോയോട് ആയിരുന്നു തോൽവി.

content highlights: Barcelona terminate Eric Abidal contract