ബാഴ്‌സലോണ: ലൂയി സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നേറ്റ വന്‍ തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കരകയറാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

പരിശീലകന്‍ ക്വിക് സെറ്റിയന്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ എന്നിവരെ പുറത്താക്കിയതിനു പിന്നാലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങി. ബാഴ്‌സലോണയുടെ മുന്‍ താരമായിരുന്ന പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ തന്നെ സുവാരസ് ക്ലബ് വിടും എന്ന സൂചന നല്‍കി. 

സുവാരസിനൊപ്പം ഇവാന്‍ റാക്കിറ്റിച്ച്, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകന്റെ നിര്‍ദേശം. സുവാരസിനെ നല്‍കി പകരം ഇന്റര്‍ മിലാനില്‍ നിന്ന് സ്‌ട്രൈക്കര്‍ ലൗറ്റാരോ മാര്‍ട്ടിനെസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബാഴ്‌സ നടത്തുന്നുണ്ട്. അതേസമയം സുവാരസിനായി ഡച്ച് ക്ലബ് അയാക്‌സ് ബാഴ്‌സയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ അയാക്‌സിനായി കളിച്ച താരമാണ് സുവാരസ്. 2007 മുതല്‍ 2011 വരെ അയാക്‌സിനായി കളിച്ച താരം തുടര്‍ന്ന് ലിവര്‍പൂളിലേക്ക് മാറുകയായിരുന്നു. പിന്നീട് 2014-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലെത്തി. മെസ്സി - സുവാരസ് - നെയ്മര്‍ എന്നിവരടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റനിര ഏറെ പ്രസിദ്ധമായിരുന്നു. 

സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പീക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്.

Content Highlights: Barcelona reportedly tell Luis Suarez to leave the club