ബാഴ്‌സലോണ: കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ആദ്യ പാദത്തില്‍ ബാഴ്‌സ 2-0 ന് തോറ്റിരുന്നു. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് മെസ്സിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ടീമിനായി വിജയഗോള്‍ നേടിയത്. മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ബാഴ്‌സ സമ്പൂര്‍ണ ആധിപത്യമാണ് സ്ഥാപിച്ചത്. ചുരുങ്ങിയത് മൂന്നു ഗോളുകളെങ്കിലും നേടിയാല്‍ മാത്രമേ ഫൈനലില്‍ പ്രവേശിക്കാനാകൂ എന്ന സ്ഥിതിയായതിനാല്‍ ആക്രമണ ഫുട്‌ബോളാണ് ബാഴ്‌സ അഴിച്ചുവിട്ടത്. അതിന് ഫലം കാണുകയും ചെയ്തു.

12-ാം മിനിട്ടില്‍ ഔസ്മാനെ ഡെംബെലെയിലൂടെ ബാഴ്‌സ ലീഡെടുത്തു. പിന്നീട് നിരവധി അവസരങ്ങള്‍ ടീമിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല. സൂപ്പര്‍ താരം മെസ്സിയ്ക്ക് വല ചലിപ്പിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ സെവിയ്യ വിജയിച്ചു എന്നുറപ്പിച്ചിരിക്കേ ടീമിന്റെ ആഹ്ലാദത്തിന് തടസ്സമായി ജെറാര്‍ഡ് പിക്വെ ബാഴ്‌സയ്ക്കായി രണ്ടാം ഗോള്‍ നേടി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പിക്വെ രക്ഷകനായി അവതരിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം സമനിലയിലായി.

സെവിയ്യയുടെ ഗ്രൗണ്ടില്‍ വെച്ചുനടന്ന ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 എന്ന നിലയിലായി. പിന്നാലെ മത്സരം അധികസമയത്തേക്ക് നീണ്ടു. 95-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റിലൂടെ ഗോള്‍ നേടി ബാഴ്‌സ ഫൈനല്‍ബെര്‍ത്ത് ഉറപ്പിച്ചു. സെവിയ്യുടെ ഫെര്‍ണാണ്ടോയും ലൂക്ക് ഡി ജോങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് വിനയായി. 

ഫൈനലില്‍ ലെവാന്റെ-അത്‌ലറ്റിക്കോ ബില്‍ബാവോ മത്സരത്തിലെ വിജയിയെ ബാഴ്‌സ നേരിടും. ഏപ്രില്‍ 17 നാണ് ഫൈനല്‍.

Content Highlights: Barcelona reach Copa del Rey final with epic 3-0 victory over Sevilla