ക്യാമ്പ് നൗ: സ്വന്തം തട്ടകത്തില്‍ വീണ്ടും കരുത്ത് തെളിയിച്ച് ബാഴ്‌സലോണ. ലാ ലിഗയില്‍ ദുര്‍ബലരായ ലാസ് പാൽമാസിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. നെയ്മര്‍, ജെറാര്‍ഡ് പിക്കെ, ആന്ദ്രെ ഇനിയേസ്റ്റ, സെര്‍ജി റോബെര്‍ട്ടൊ എന്നിവരില്ലാതെ ബാഴ്‌സ കളത്തിലിറങ്ങിയിട്ടും ലാസ് പാൽമാസിന് അവരെ പിടിച്ചു കെട്ടാനായില്ല. 

14ാം മിനിറ്റില്‍ ആന്ദ്രെ ഗോമസിന്റെ ക്രോസില്‍ നിന്ന് ലൂയി സുവാരസാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. വലന്‍സിയയില്‍ നിന്ന് ബാഴ്‌സയിലെത്തിയ ശേഷം ആദ്യമായാണ് പോര്‍ച്ചുഗീസ് താരമായ ആന്ദ്രെ ഗോമസ് ഒരു ഗോളിന് വഴിയൊരുക്കുന്നത്. സുവാരസാകട്ടെ, ബാഴ്‌സക്കായി തന്റെ 101ാം ഗോളും കണ്ടെത്തി.

52ാം മിനിറ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റാഫിനയുടെ ഇടങ്കാലന്‍ ക്രോസ് ലാസ് പാൽമാസ് ഗോളി യാവി വരാസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റീബൗണ്ട് വന്ന പന്ത് മെസ്സി വലയിലെത്തിച്ചു. കഴിഞ്ഞ 12 മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ 13ാം ഗോളായിരുന്നു അത്. ലാസ് പാൽമാസിനെതിരെ മെസ്സിയുടെ ആദ്യ ഗോളും. 

അഞ്ചു മിനിറ്റിന് ശേഷം സുവാരസ് തന്റെ രണ്ടാം ഗോളും നേടി. തൊട്ടടുത്ത് നിമിഷം ഹാട്രിക് നേടാന്‍ സുവാരസിന് അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. പിന്നീട് ആര്‍ദ ടുറാനും റൈറ്റ് ബാക്ക് അലെയ്ക് വിദാലും ബാഴ്‌സയുടെ നാലും അഞ്ചും ഗോൾ നേടി. 80ാം മിനിറ്റില്‍ ലക്ഷ്യം കണ്ട വിദാല്‍ ബാഴ്‌സക്കായി നേടുന്ന ആദ്യ ഗോളായിരുന്നു അത്. 

ജയത്തോടെ ഒന്നാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ബാഴ്‌സയുടെ പോയിന്റ് വ്യാത്യാസം രണ്ടായി കുറച്ചു. പക്ഷേ ബാഴ്‌സയേക്കാള്‍ രണ്ട് മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യം റയലിനുണ്ട്. മൂന്നാം സ്ഥാനത്തുള്ള സെവിയ്യയുമായാണ് റയലിന്റെ അടുത്ത മത്സരം.  

അര്‍ജന്റീനയുടെ നിക്കോളാസ് ഗെയ്ത്താന്റെ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എട്ടാം മിനിറ്റിലായിരുന്നു ഗെയ്ത്താന്റെ ഗോള്‍. മൂന്നാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിറകിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.