ബാര്‍സലോണ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാര്‍സലോണയുടെ പ്രസിഡന്റ് സ്ഥാനം ജോസഫ് മരിയ ബര്‍ത്തോമ്യു ഉപേക്ഷിച്ചു. ക്ലബ്ബുമായും നായകന്‍ ലയണല്‍ മെസ്സിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ബര്‍ത്തലോമ്യു രാജിവെച്ചത്. ഒപ്പം മറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരും രാജിവെച്ചു.

57-കാരനായ ബര്‍ത്തോമ്യുവും താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് തുടക്കമാകുന്നത്. ഇതേത്തുടര്‍ന്ന് സൂപ്പര്‍ താരം മെസ്സി ബാര്‍സ വിടാനൊരുങ്ങിയതാണ്. എന്നാല്‍ പുതിയ കോച്ചും മുന്‍ ബാര്‍സ താരവുമായ റൊണാള്‍ഡ് കോമാന്റെ നിര്‍ബന്ധപ്രകാരം മെസ്സി ക്ലബ്ബില്‍ തുടരുകയായിരുന്നു. ഇതിനുപിന്നാലെ മറ്റൊരു പ്രധാന താരമായ ലൂയി സുവാരസ് ടീം വിട്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മെസ്സി രംഗത്തെത്തിയിരുന്നു.

2014-ല്‍ സാന്ദ്രോ റോസെല്ലിയില്‍ നിന്നുമാണ് ബര്‍ത്തോമ്യു ബാര്‍സയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതുവരെ കാള്‍സ് ടുസ്‌ക്വെറ്റ്‌സ് താത്കാലിക പ്രസസിഡന്റായി ചുമതലയേറ്റെടുത്തേക്കും.

Content Highlights: Barcelona president Josep Maria Bartomeu quits in fallout of Lionel Messi feud