Photo: AP
ബാഴ്സലോണ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പുതിയ തട്ടകം ഏതായിരിക്കും എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി തന്റെ അവസാന മത്സരവും കളിച്ചു കഴിഞ്ഞ മെസ്സി ഇനി എങ്ങോട്ട് പോകുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സീസണിനൊടുവില്‍ മെസ്സി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാര്‍ഷികപ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. ഇതിനാല്‍ തന്നെ താരം സൗദിയിലേക്ക് പോകും എന്ന് തന്നെയാണ് അഭ്യൂഹങ്ങള്‍.
എന്നാല്‍ ഇതിനിടയിലും മെസ്സി മടങ്ങിവരുമെന്ന പ്രതീക്ഷ ബാഴ്‌സലോണ കൈവിട്ടിട്ടില്ല. താരം സ്പാനിഷ് ലീഗിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചാല്‍ അത് താങ്ങുന്നതിന് വേണ്ടി ക്ലബ്ബ് സാമ്പത്തിക പുനഃക്രമീകരണം നടത്തിവരികയാണ്. സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബിന് വെല്ലുവിളിയാണ്.
എന്നാല്‍ നിലവില്‍ ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ മെസ്സിയെ ടീമിലെടുക്കുന്നത് സ്പാനിഷ് ലീഗിന്റെ കര്‍ശനമായ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ പാലിക്കുന്നത് ക്ലബ്ബിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. പുതിയ സീസണിന് മുന്നോടിയായി മതിയായ ശമ്പള പരിധി അംഗീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ബാഴ്‌സ, ലാ ലിഗയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ലിയോയെ തിരികെ ലഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പരസ്യമായി തന്നെ പറഞ്ഞുകഴിഞ്ഞു. മെസ്സിയെ തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ടയും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സൈനിങ്ങുകള്‍ നടത്തുന്നതിനായി ബാഴ്സലോണ ഏകദേശം 200 ദശലക്ഷം യൂറോ ലാഭിക്കണമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് നേരത്തെ പറഞ്ഞിരുന്നു. മെസ്സിയെ ടീമിലെത്തിക്കണമെങ്കില്‍ ബാഴ്സയ്ക്ക് അതിനായി കളിക്കാരെ വില്‍ക്കുകയും വേതനം വെട്ടിക്കുറയ്ക്കുകയും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സിയുടെ ഉയര്‍ന്ന വേതനമാണ് മറ്റൊരു വെല്ലുവിളി.
Content Highlights: Barcelona not giving up hope of bringing Lionel Messi back
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..