മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ എഫ്.സി. ബാഴ്സലോണയുടെ ദുരിതകാലം തീരുന്നില്ല. ഇത്തവണ അത്ലറ്റിക്കോ മഡ്രിഡാണ് ബാഴ്സയെ വീഴ്ത്തിയത് (1-0). ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ യാനിക് കറാസ്കോ വിജയഗോള്‍ നേടി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലാലിഗയില്‍ അത്ലറ്റിക്കോ ബാഴ്സയെ തോല്‍പ്പിക്കുന്നത് ഇതാദ്യം. എട്ട് കളിയില്‍ 20 പോയന്റായ അത്ലറ്റിക്കോ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒമ്പത് കളിയില്‍ ഇത്രയും പോയന്റുളള റയല്‍ സോസിഡാഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ടുകളിയില്‍ 11 പോയന്റുമായി ബാഴ്സ പന്ത്രണ്ടാംസ്ഥാനത്താണ്. ലാലിഗയിൽ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്.
റയല്‍ മഡ്രിഡ് വിയ്യാറയലിനോട് സമനില വഴങ്ങി. മരിയാനോയിലൂടെ രണ്ടാം മിനിട്ടില്‍ തന്നെ റയല്‍ മുന്നിലെത്തിയെങ്കിലും 76-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ജെറാര്‍ഡ് മൊറേനോ വിയ്യാറയലിന് സമനില സമ്മാനിച്ചു. ഒന്പതുമത്സരങ്ങളില് നിന്നും 17 പോയന്റുള്ള റയല്‍ പട്ടികയില്‍ നാലാമതാണ്. വിയ്യാറയല്‍ ഈ സമനിലയോടെ മൂന്നാമതെത്തി.
Content Highlights: Barcelona lost to Athletico Madrid in La Liga