Photo: AP
മ്യൂണിക്ക്: ഒരു കാലത്ത് ടിക്കി ടാക്ക എന്ന ഫുട്ബോള്‍ തന്ത്രം കൊണ്ട് മൈതാനങ്ങളില്‍ എതിരാളികളെ നക്ഷത്രമെണ്ണിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്.
ഗ്രൂപ്പ് ഇയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെയാണ് ബാഴ്സ ഈ സീസണില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിരിക്കുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണ്‍ ബാഴ്സയെ തകര്‍ത്തുവിട്ടത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ മൂന്ന് കളികളിലും തോറ്റ് മൂന്നാം സ്ഥാനത്തേക്ക് വീണ ബാഴ്സ ഇനി യൂറോപ്പ ലീഗില്‍ കളിക്കും. 2000-01 സീസണിനു ശേഷം ഇതാദ്യമായാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കുന്നത്. ഡൈനാമോ കീവിനെ തോല്‍പ്പിച്ച ബെന്‍ഫിക ബയേണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നിറി.
ബാഴ്സയുടെ വിധി ആദ്യ പകുതിയില്‍ തന്നെ വ്യക്തമായിരുന്നു. മുന്നേറാന്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സ ബയേണിന്റെ മൈതാനത്ത് മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുപെട്ടു. എന്നാല്‍ ബയേണാകട്ടെ യഥേഷ്ടം ആക്രമണങ്ങളുമായി കളിനിറഞ്ഞ് കളിച്ചു.
30-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ പരിക്കേറ്റ് പിന്മാറിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി.
34-ാം മിനിറ്റില്‍ തോമസ് മുള്ളറിലൂടെ ബയേണ്‍ ആദ്യ വെടിപൊട്ടിച്ചു. ലെവന്‍ഡോസ്കിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
ആദ്യ പകുതി അവസാനിക്കും മുമ്പ് ബയേണിന്റെ രണ്ടാം ഗോളുമെത്തി. ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ട് വലയിലെത്തിച്ച് ലെറോയ് സാനെ ബാഴ്സയുടെ വിധിയെഴുതി.
62-ാം മിനിറ്റില്‍ ജമാല്‍ മുസിയാല കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ വിധി കുറിക്കപ്പെട്ടു.
യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്സലോണ ഈ ടൂര്‍ണമെന്റില്‍ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.
Content Highlights: barcelona lost against bayern munich and out of the champions league
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..