Photo: AP
ബാഴ്‌സലോണ: എഫ്.സി ബാഴ്‌സലോണയുടെ ഇതിഹാസതാരങ്ങളിലൊരാളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ക്ലബ്ബ് വിടുന്നു. 18 വര്‍ഷത്തിനുശേഷമാണ് ബാഴ്‌സയും ബുസ്‌ക്വെറ്റ്‌സും വേര്‍പിരിയുന്നത്. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബുസ്‌ക്വെറ്റ്‌സ് ഏത് ക്ലബ്ബിലേക്കാണ് പുതുതായി ചേക്കേറുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബാഴ്‌സയുടെ സുവര്‍ണകാലഘട്ടത്തിലെ ടീമിലെ അവസാന കണ്ണിയാണ് ബുസ്‌ക്വെറ്റ്‌സ്. ബാഴ്‌സയ്‌ക്കൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടവും മൂന്ന് ഫിഫ ലോകകപ്പ് കിരീടവും എട്ട് ലാ ലിഗ കിരീടവും നേടിയ താരമാണ് ബുസ്‌ക്വെറ്റ്‌സ്. ഏഴ് കോപ്പ ഡെല്‍റേ ട്രോഫിയും ഏഴ് സ്പാനിഷ് കപ്പും താരം ബാഴ്‌സയ്‌ക്കൊപ്പം നേടിയിട്ടുണ്ട്.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സയുടെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നാണ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന ബുസ്‌ക്വെറ്റ്‌സ് ഇനി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ താരം ബാഴ്സ വിടുമെന്ന കാര്യം ഉറപ്പായി. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ച് ബുസ്‌ക്വെറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കി.
ബുസ്‌ക്വെറ്റ്‌സ് ക്ലബ്ബ് വിടുന്ന കാര്യം ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാഴ്‌സയ്ക്ക് വേണ്ടി 718 മത്സരങ്ങള്‍ കളിച്ച താരം 19 ഗോള്‍ നേടിയിട്ടുണ്ട്. 'ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും ബുസി' എന്നാണ് ബാഴ്‌സ ട്വീറ്റ് ചെയ്തത്. ബാഴ്‌സയ്‌ക്കൊപ്പം സീനിയര്‍ ടീമിലും ജൂനിയര്‍ ടീമിലും കളിച്ച താരമാണ് ബുസ്‌ക്വെറ്റ്‌സ്.
2005-ലാണ് താരം ആദ്യമായി ബാഴ്‌സയുടെ കുപ്പായമണിഞ്ഞത്. ജൂനിയര്‍ ടീമില്‍ കളിച്ച ബുസ്‌ക്വെറ്റ്‌സ് 2007-2008 സീസണില്‍ ബാഴ്‌സലോണ ബി ടീമില്‍ കളിച്ചു. 2008 മുതല്‍ സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 15 വര്‍ഷം സീനിയര്‍ ടീമിനായി പന്തുതട്ടി.
ബുസ്‌ക്വെറ്റ്‌സിനെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസ്‌റും അല്‍ ഹിലാലും അല്‍-ഇത്തിഹാദുമെല്ലാം ബുസ്‌ക്വെറ്റിന് പിന്നാലെയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
Content Highlights: Barcelona Legend Sergio Busquets To Leave Club
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..