ന്യൂകാമ്പ്:  ലാ ലിഗയില്‍ ബാഴ്‌സലോണ വിജയക്കുതിപ്പ് തുടരുന്നു. അല്‍കാസറിന്റെ ഇരട്ടഗോളുകളില്‍ ബാഴ്‌സലോണ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ ബാഴ്‌സ ലാ ലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ആദ്യ പകുതിയില്‍ അല്‍കാസറിന്റെ ഗോളില്‍ മുന്നിലെത്തിയ ബാഴ്‌സയെ രണ്ടാം പകുതിയില്‍ സെവിയ്യ ഒപ്പം പിടിച്ചു. എന്നാല്‍ അല്‍കാസര്‍ വീണ്ടും രക്ഷക്കെത്തിയതോടെ ബാഴ്‌സ വിജയതീരത്തെത്തുകയായിരുന്നു. ഇതോടെ ബാഴ്‌സക്ക് അക്കൗണ്ടില്‍ മൂന്ന് പോയിന്റു കൂടി ചേര്‍ക്കാനായി. 

അതേസമയം ഇ.പി.എല്ലില്‍ ലിവര്‍പൂള്‍ വിജയമാഘോഷിച്ചു. ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. പരിക്ക് മാറിയെത്തിയ സാഡിയോ മാനെയുടെയും സലാഹിന്റെയും പ്രകടനങ്ങള്‍ ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണായകമായി. 

21-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആദ്യ ഗോള്‍ കണ്ടെത്തി. മാനെയുടെ പാസ്സില്‍ സലാഹാണ് ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റില്‍ മാറ്റിപ്പിലൂടെ ലിവര്‍പൂള്‍ രണ്ടാക്കി ഉയര്‍ത്തി. പിന്നീട് രണ്ടാം പകുതിയില്‍ ലന്‍സീനിയിലൂടെ വെസ്റ്റ്ഹാം ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ അലെക്‌സ് ചേമ്പര്‍ലൈനിലൂടെ ലിവര്‍പൂള്‍ വീണ്ടും ലീഡ് രണ്ടാക്കി നിലനിര്‍ത്തി. 

പിന്നീട് 75-ാം മിനിറ്റില്‍ സലാഹിലൂടെ ലിവര്‍പൂള്‍ നാലാം ഗോള്‍ നേടി വിജയമുറപ്പിച്ചു.  ജയത്തോടെ 19 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്ത് തന്നെയാണ്. ഒമ്പത് പോയിന്റ് മാത്രമുള്ള വെസ്റ്റ്ഹാം 17-ാം സ്ഥാനത്തും. 

Content Highlights: Barcelona La Liga Liverpool EPL Football