Photo: AFP
ബാഴ്‌സലോണ: സമീപ കാലത്തെ ഏറ്റവും മോശം ഫോമിലൂടെയാണ് കരുത്തരായ എഫ്.സി.ബാഴ്‌സലോണ കടന്നുപോകുന്നത്. ലയണല്‍ മെസ്സിയും ആന്റോയിന്‍ ഗ്രീസ്മാനും ലൂയി സുവാരസുമെല്ലാം ടീം വിട്ടതോടെ ബാഴ്‌സയുടെ ശക്തി ചോര്‍ന്നു. പുതിയ സീസണില്‍ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ ടീം ഏഴാം സ്ഥാനത്താണ്.
രണ്ട് വിജയവും മൂന്ന് സമനിലയുമാണ് ബാഴ്‌സയ്ക്കുള്ളത്. ചിരവൈരികളായ റയല്‍ മഡ്രിഡ് അത്ഭുതക്കുതിപ്പ് നടത്തി അപരാജിതരായി പോയന്റ് പട്ടികയില്‍ ഒന്നാമതായി മുന്നേറുന്നു. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ കാഡിസാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്.
ഇതോടെ ബാഴ്‌സലോണയുടെ പരിശീലകനായ റൊണാള്‍ഡ് കോമാന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പുതിയ കളിക്കാരെ കൊണ്ടുവന്നെങ്കിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. കാഡിസിനെതിരായ മത്സരത്തില്‍ ഫ്രെങ്കി ഡി യോങ്ങിനും കോമാനും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കേ ഗ്രൗണ്ടിന് പുറത്തുനിന്ന് ബഹളം വെച്ചതിനാണ് കോമാനെതിരേ റഫറി നടപടിയെടുത്തത്.
ഈ ഫോം ഇനിയും തുടര്‍ന്നാല്‍ കോമാന്റെ സ്ഥാനം തെറിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കോമാന് പകരം ഹോസെ മൗറീന്യോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങി. ഗ്രനാഡയ്‌ക്കെതിരായ മത്സരത്തില്‍ പ്രതിരോധാതാരങ്ങളായ ജെറാര്‍ഡ് പിക്വെയും റൊണാള്‍ഡ് അറാവുജോയും വരെ മുന്നേറ്റത്തില്‍ അണിനിരന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോമാനെതിരേ അന്നുതൊട്ട് വലിയ പ്രക്ഷോപങ്ങള്‍ നടക്കുന്നുണ്ട്. ആരാധകര്‍ വരെ കോമാന് പകരം പുതിയ പരിശീലകനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.
ഈ ഫോം ഇനിയും തുടര്‍ന്നാല്‍ കോമാനെ പുറത്താക്കുമെന്ന് ക്ലബ് പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട നേരത്തേ അറിയിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിലും ബാഴ്‌സയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ബയേണ്‍ മ്യൂണിക്കിനോട് 3-0 ന് ടീം തോറ്റു. അടുത്ത മത്സരത്തില്‍ ബെന്‍ഫിക്കയാണ് ബാഴ്‌സയുടെ എതിരാളി. ലാലിഗയില്‍ ബാഴ്‌സ അടുത്ത മത്സരത്തില്‍ ലെവാന്റെയെ നേരിടും.
Content Highlights: Barcelona Held By Cadiz As Pressure Mounts On Ronald Koeman
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..