മഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്സലോണയില്‍ ഇതിഹാസതാരം ലയണല്‍ മെസ്സി ധരിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്സിക്ക് പുതിയ അവകാശി. മെസ്സി ഉപയോഗിച്ച പത്താം നമ്പര്‍ ജഴ്‌സി ഇനി യുവതാരം അന്‍സു ഫാറ്റി ധരിക്കും. ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2008 ഓഗസ്റ്റ് 31-ന് നുമാന്‍സിയയ്‌ക്കെതിരായ മത്സരത്തിലാണ് മെസ്സി ആദ്യമായി ബാഴ്സയുടെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞത്. പത്താം നമ്പറില്‍ 668 കളിയില്‍ 630 ഗോളുകളാണ് താരം നേടിയത്.

മെസ്സി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിലേക്ക് ചേക്കേറിയതോടെ നമ്പര്‍ 10 ജഴ്‌സി സ്വതന്ത്രമായി. ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്ന അന്‍സു ഫാറ്റിക്ക് വിഖ്യാത ജേഴ്സി നല്‍കുന്നതിലൂടെ അന്‍സു മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന സൂചനനല്‍കുകയാണ് ക്ലബ്ബ്.

മെസ്സിയ്ക്ക് മുന്‍പ് റൊണാള്‍ഡീന്യോ, മറഡോണ, റിവാള്‍ഡോ തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം ബാഴ്‌സയില്‍ കളിച്ചപ്പോള്‍ പത്താം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചത്. റൊണാള്‍ഡീന്യോയില്‍ നിന്നാണ് മെസ്സിയ്ക്ക് പത്താം നമ്പര്‍ ജഴ്‌സി ലഭിച്ചത്.

Content Highlights: Barcelona give famous number 10 jersey to Ansu Fati