ബാഴ്‌സലോണ: ലാ ലിഗ കിരീട പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡും രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

വിരസമായ മത്സരത്തില്‍ കാര്യമായ ഗോളവസരങ്ങളൊന്നും ഇരു ടീമിനും സൃഷ്ടിക്കാന്‍ സാധിച്ചില്ല. ജയിച്ചിരുന്നെങ്കില്‍ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. 

ആദ്യ പകുതിയില്‍ ബാഴ്‌സയേക്കാളും മുന്നിട്ടു നിന്നത് അത്‌ലറ്റിക്കോയായിരുന്നു. ഇതിനിടെ മെസ്സിയുടെ ഗോളെന്നുറച്ച ഒരു അവസരം ഗോള്‍ കീപ്പര്‍ ഒബ്ലക്ക് തടഞ്ഞു. 40 യാര്‍ഡ് ഒറ്റയ്ക്ക് ഡ്രിബിള്‍ ചെയ്ത് മുന്നേറിയായിരുന്നു മെസ്സിയുടെ ഷോട്ട്. 

കോറിയയുടെ ഗോള്‍ ശ്രമം ലെങ്‌ലെറ്റ് തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ റൊണാള്‍ഡ് അറോഹോയിലൂടെ ബാഴ്‌സ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 

മത്സരം സമനിലയിലായതോടെ സെവിയ്യയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ റയല്‍ മാഡ്രിഡിന് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. അത്‌ലറ്റിക്കോയ്ക്കും ബാഴ്‌സയ്ക്കും ലീഗില്‍ മൂന്ന് മത്സരങ്ങളും റയലിന് നാലു മത്സരങ്ങളും ബാക്കിയുണ്ട്.

Content Highlights: Barcelona disappoint in goalless draw against  Atletico Madrid in La Liga