മാഡ്രിഡ്: ഫുട്‌ബോള്‍ മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും എതിര്‍ ടീമിലെ ആരാധകരില്‍ നിന്നാണ് കളിക്കാര്‍ വര്‍ണവെറിയ്ക്ക്‌ ഇരയായിട്ടുള്ളത്. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ ബാഴ്‌സലോണയും എസ്പാനിയോളും തമ്മിലുള്ള മത്സരത്തിനിടയിലും അത്തരമൊരു സംഭവം ആവര്‍ത്തിച്ചു. 

എസ്പാനിയോളിന്റെ സെര്‍ജിയോ ഗാര്‍സി ബാഴ്‌സലോണ താരം സാമുവല്‍ ഉംറ്റിറ്റിയെയാണ് ഗ്രൗണ്ടില്‍ അപമാനിച്ചത്. പരാമര്‍ശത്തില്‍ പ്രകോപിതനായ ഫ്രഞ്ച് താരം ഗാര്‍സിയുമായി കൈയാങ്കളിക്ക് മുതിര്‍ന്നു. എന്നാല്‍ ജെറാര്‍ഡ് പിക്വെയുടെ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. ബലം പ്രയോഗിച്ച് ഉംറ്റിറ്റിയെ പിക്വെ മൈതാനത്ത് നിന്ന് കൊണ്ടുപോകുകയായിരുന്നു.

പിന്നീട് ഗാര്‍സി ഡ്രസ്സിങ് റൂമിലെത്തി ഉംറ്റിറ്റിയോട് മാപ്പ് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ബാഴ്‌സലോണയോ പരിശീലരന്‍ ഏര്‍നെസ്റ്റോ വാല്‍വെര്‍ദെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്പാനിയോളിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

Content Highlights: Barcelona defender Samuel Umtiti reportedly racially abused in Catalan Derby