ബാഴ്‌സലോണ: ബാഴ്‌സലോണയുടെ വിശ്വസ്ത പ്രതിരോധ താരം ജെറാര്‍ഡ് പിക്വെയ്ക്ക് പരിക്ക്. സെവിയയ്‌ക്കെതിരായ കോപ്പ ഡെല്‍ റേ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. 

വലത്തേ കാല്‍മുട്ടിന് പരിക്കേറ്റ താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ലിഗമെന്റിനാണ് പരിക്കുപറ്റിയിരിക്കുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയ്‌ക്കെതിരായ മത്സരത്തില്‍ പിക്വെയ്ക്ക് കളിക്കാന്‍ കഴിയില്ല.

സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പിക്വെ ഒരു ഗോളും നേടിയിരുന്നു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ബാഴ്‌സയ്ക്കായി 120 മിനിട്ടും പിക്വെ കളിച്ചിരുന്നു. 

കഴിഞ്ഞ സീസണില്‍ ഇതേ പരിക്ക് താരത്തെ അലട്ടിയിരുന്നു. അന്ന് മൂന്നുമാസത്തോളം പിക്വെ ചികിത്സയിലായിരുന്നു. മാര്‍ച്ച് 11 നാണ് പി.എസ്.ജിയ്‌ക്കെതിരായ ബാഴ്‌സലോണയുടെ മത്സരം. 

Content Highlights: Barcelona defender Pique out with right knee injury, likely to miss PSG clash