സെവിയ്യ: തിരിച്ചടികള്‍ക്കിടയില്‍ ലാലീഗ കിരീടപ്പോരാട്ടത്തില്‍ പ്രതീക്ഷ കെടാതെ കാത്ത് ബാഴ്‌സലോണ. അപരാജിതരായി കുതിക്കുകയായിരുന്ന സെവിയ്യയെ  തോല്‍പിച്ച് അവര്‍ കിരീടപോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് കനത്ത സമ്മർദം ചെലുത്തി രണ്ടാം സ്ഥാനത്തെത്തി.

മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയ്യയ്‌ക്കെതിരായ ബാഴ്‌സയുടെ ജയം. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ മെസ്സിയില്‍ നിന്ന് സ്വീകരിച്ച പാസ് ഗോള്‍കീപ്പര്‍ ബോണോയുടെ ഓട്ടക്കാലുകള്‍ക്കിടയിലൂടെ പായിച്ച് ഡംബെലെയാണ് ആദ്യം ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയില്‍ സെവിയ്യ ഉണര്‍ന്നു കളിച്ചെങ്കിലും കളി തീരാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ പന്ത് ഒന്നാന്തരമായി ഡ്രിബിള്‍ ചെയ്തുകൊണ്ട് വന്ന് മെസ്സി വല കുലുക്കി.

തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷമുള്ള സെവിയ്യയുടെ ആദ്യ തോല്‍വിയാണിത്. ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ജയവും. ഇതോടെ 25 കളികളില്‍ നിന്ന് 53 പോയിന്റോടെ ബാഴ്‌സ ലീഗില്‍ റയലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ബാഴ്‌സയേക്കാള്‍ രണ്ട് മത്സരങ്ങള്‍ കുറച്ചു കളിച്ച അത്‌ലറ്റിക്കോ അവരേക്കാള്‍ രണ്ട് പോയിന്റിന് മുന്നിലാണ്. റയലിന് 52 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് 48 പോയിന്റാണുള്ളത്.

Content Highlights: Barcelona Beats Sevilla In La Liga messi