നൗ കാമ്പ് : ലാ ലിഗയില്‍ എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണ. എം.എസ്.എന്‍ ത്രയം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സയുടെ വിജയം. ഇതോടെ ലീഗില്‍ ഒന്നാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാന്‍ ബാഴ്‌സക്ക് സാധിച്ചു. പക്ഷേ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യം റയലിനുണ്ട്.

പരിക്കേറ്റ സെര്‍ജിയൊ ബുസ്‌ക്യുറ്റ്‌സിന് പകരക്കാരനായി ഇറങ്ങിയ ഡെനിസ് സുവാരസാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 20 വാര അകലെ നിന്ന് പോസ്റ്റിന്റെ മൂലയിലേക്ക് വളരെ കൃത്യമായിരുന്നു ഡെനിസിന്റെ ഷോട്ട്. 

50ാം മിനിറ്റില്‍ സുവാരസിന്റെ പാസ്സില്‍ ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെ ലയണല്‍ മെസ്സി ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടി. ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കാന്‍ മെസ്സിക്ക് ഒട്ടും അമാന്തിക്കേണ്ടി വന്നില്ല. എയ്ബര്‍ ഡിഫന്‍ഡര്‍ ഫ്ലോറിയൻ ലെജ്യൂനെയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ഒരു ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ സുവാരസ് 68ാം മിനിറ്റില്‍ ബാഴ്‌സയുടെ ഗോള്‍പട്ടിക മൂന്നാക്കി ഉയര്‍ത്തി. അവസാന അവസരം നെയ്മറിനുള്ളതായിരുന്നു. ഇഞ്ചുറി ടൈമില്‍ അനായാസ ഗോളിലൂടെ എയ്ബറിന്റെ പരാജയമുറപ്പിച്ച നാലാം ഗോള്‍ നെയ്മര്‍ നേടി. 

മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ അത്‌ലറ്റികോ ബില്‍ബാവൊ സമനിലയില്‍ കുരുക്കി. ഇരുടീമുകളും രണ്ട് ഗോളുകളാണ് നേടിയത്. കോക്കെയും ഗ്രീസ്മാനും അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോള്‍ നേടിയപ്പോള്‍ ഇനിഗൊ ലെക്ക്യുവും ഡീ മാര്‍ക്കോസുമാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കായി ലക്ഷ്യം കണ്ടത്. ലീഗില്‍ 19 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്ത് തുടരുകയാണ്.