Photo: twitter.com/FCBarcelona
മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ അപരാജിതക്കുതിപ്പിന് കടിഞ്ഞാണിട്ട് ബാഴ്‌സലോണ. ലാ ലിഗയിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് ബാഴ്‌സയുടെ തേരോട്ടം.
കടുത്ത ആരാധകര്‍ പോലും ബാഴ്‌സ ഇത്രയും വലിയ വിജയം നേടുമെന്ന് കരുതിയിരുന്നില്ല. സൂപ്പര്‍ താരം പിയറി എമെറിക്ക് ഔബമെയാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡ് അറൗഹോയും ഫെറാന്‍ ടോറസും ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. 28 മത്സരങ്ങളില്‍ നിന്ന് 54 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും റയലാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 29 മത്സരങ്ങളില്‍ നിന്ന് 66 പോയന്റാണ് ടീമിനുള്ളത്.
സൂപ്പര്‍ താരം കരിം ബെന്‍സേമയുടെ അഭാവം റയല്‍ നിരയില്‍ പ്രകടമായിരുന്നു. 29-ാം മിനിറ്റില്‍ ഔബമെയാങ്ങിലൂടെ ബാഴ്‌സ ലീഡെടുത്തു. ഓസ്മാനെ ഡെംബലെയുടെ തകര്‍പ്പന്‍ ക്രോസിന് കൃത്യമായി തലവെച്ച ഔബമെയാങ് അനായാസം പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ 38-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് വര്‍ധിപ്പിച്ചു.
ഇത്തവണ അറൗഹോയാണ് ലക്ഷ്യം കണ്ടത്. രണ്ടാം ഗോളിന് വഴിവെച്ചതും ഡെംബലെ തന്നെ. ഡെംബലെയുടെ കോര്‍ണര്‍ കിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് അറൗഹോ കറ്റാലന്മാര്‍ക്ക് ആദ്യ പകുതിയില്‍ 2-0 ന്റെ ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ മൂന്നാം ഗോളടിച്ചു. ഇത്തവണ യുവതാരം ഫെറാന്‍ ടോറസാണ് ബാഴ്‌സയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഡി യോങ്ങിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഔബമെയാങ് അതിമനോഹരമായി പന്ത് ടോറസിന് കൈമാറി. ഗോള്‍കീപ്പര്‍ കുര്‍ട്വയ്ക്ക് ഒരു സാധ്യതയും നല്‍കാതെ ടോറസ് പന്ത് വലയിലെത്തിച്ചു.
റയലിന്റെ വലയിലേക്ക് അവസാനം നിറയൊഴിച്ചത് ഔബമെയാങ്ങാണ്. 52-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്റെ പാസ് സ്വീകരിച്ച മുന്‍ ആഴ്‌സനല്‍ താരം പന്ത് കുര്‍ട്വയുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ട് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു.
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ 97-ാം വിജയമാണിത്. 100 വിജയങ്ങള്‍ സ്വന്തമായുള്ള റയലിന് ബാഴ്‌സയ്ക്ക് മേല്‍ ആധിപത്യമുണ്ട്. ഫെബ്രുവരിയ്ക്ക് ശേഷം ബാഴ്‌സ നാലുഗോള്‍ നേടുന്ന ആറാമത്തെ ടീമാണ് റയല്‍. നേരത്തേ അത്‌ലറ്റിക്കോ, വലന്‍സിയ, നാപ്പോളി, അത്‌ലറ്റിക്ക്, ഒസാസുന എന്നീ ടീമുകള്‍ക്കെതിരേ ബാഴ്‌സ നാല് ഗോളുകള്‍ നേടിയിരുന്നു.
പരിശീലകന്‍ സാവിയുടെ തന്ത്രങ്ങളാണ് ബാഴ്‌സയ്ക്ക് വിജയം നേടിയത്. സീസണിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ ഏറെ പാടുപെട്ട ബാഴ്‌സ പുതിയ താരങ്ങളുടെ കരുത്തില്‍ സാവിയുടെ കീഴില്‍ തേരോട്ടം നടത്തുകയാണ്.
രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ഔബമെയാങ്ങാണ് മത്സരത്തിലെ താരം. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് ബാഴ്‌സ താരത്തെ ആഴ്‌സനലില്‍ നിന്ന് സ്വന്തമാക്കിയത്.
Content Highlights: barcelona beat real madrid in el classico fight by four goals
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..