ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍.

നാലാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ തുടങ്ങിവെച്ച ഗോളടി 89-ാം മിനിറ്റില്‍ മെസ്സി പൂര്‍ത്തിയാക്കി. 27-ാം മിനിറ്റില്‍ ക്ലെമന്റ് ലെഗ്ലെറ്റ് ബാഴ്‌സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ 2-0. 59-ാം മിനിറ്റില്‍ മെസ്സി തന്റെ ആദ്യ ഗോള്‍ നേടി. പകരക്കാരനായി എത്തിയ ആര്‍തര്‍ 77-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.

മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം 500 വിജയങ്ങളെന്ന നാഴികക്കല്ലും പിന്നിട്ടു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ തൊടുന്ന ആദ്യ വ്യക്തിയാണ് മെസ്സി. 710 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 500 ജയങ്ങള്‍ നേടിയത്.

ഇതോടൊപ്പം പുതിയ പരിശീലകന്‍ സെറ്റിയന്റെ കീഴിലെ ആദ്യ മത്സരത്തില്‍ വലന്‍സിയയോട് പരാജയപ്പെട്ടതിന്റെ നിരാശയില്‍ നിന്ന് കരകയറാനും ബാഴ്‌സയ്ക്കായി.

Content Highlights: Barcelona beat Leganes to reach Copa del Rey quarterfinals