മാഡ്രിഡ്: ലാ ലിഗയില്‍ കരുത്തന്‍മാരായ ബാഴ്‌സലോണയെ റയല്‍ സോസിദാദ് സമനിലയില്‍ തളച്ചു.  റയല്‍ സോസിദാദിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. 53ാം മിനിറ്റില്‍ ഡാ സില്‍വയിലൂടെ സോസിദാദ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആറു മിനിറ്റിന് ശേഷം ലയണല്‍ മെസ്സി ബാഴ്‌സക്ക് സമനില ഗോള്‍ സമ്മാനിച്ചു.

 2007ന് ശേഷം ബാഴ്‌സയ്ക്ക് സോസിദാദിന്റെ  ഹോം ഗ്രൗണ്ടില്‍ വിജയിക്കാനായിട്ടില്ല. സമനില വഴങ്ങിയതോടെ ലാ ലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമുള്ള പോയിന്റ് വ്യത്യാസം ആറായി ഉയര്‍ന്നു. 

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. 36ാം മിനിറ്റില്‍ ഡീഗോ ഗോഡിനിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോയ്ക്കായി തൊട്ടടുത്ത മിനിറ്റില്‍ ഗമെയ്‌റോയും വല ചലിപ്പിച്ചു. കളിയുടെ അവസാന മിനിറ്റില്‍ ബെല്‍ജിയന്‍ താരം കരാസ്‌കോ അത്‌ലറ്റിക്കോയുടെ ഗോള്‍പട്ടിക തികച്ചു. വിജയത്തോടെ 24 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതെത്തി. 

barcelona

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയം കണ്ടപ്പോള്‍ മോശം ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാം 1-1ന് യുണൈറ്റഡിനെ സമനിലയില്‍ പിടിക്കുകയായിരുന്നു.കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഡിയാഫ്ര സകോയിലൂടെ വെസ്റ്റ്ഹാം ലീഡ് നേടി. എന്നാല്‍ 21ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 1990ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഓള്‍ഡ് ട്രാഫോഡില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം കാണാതെ പോകുന്നത്. 

ഇ.പി.എല്ലിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ എ.എഫ്.സി ബൗണ്‍മൗത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി അലക്‌സി സാഞ്ചസ് തിളങ്ങിയ മത്സരത്തില്‍ ഒരു ഗോള്‍ തിയോ വാല്‍ക്കോട്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു. 23ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കാലും വില്‍സണ്‍ ബൗണ്‍മൗത്തിന്റെ ഗോള്‍ നേടി.ലീഗില്‍ 31 പോയിന്റുമായി ചെല്‍സിയാണ് ഒന്നാമത്. 28 പോയിന്റുള്ള ആഴ്‌സണല്‍ നാലാമതും 20 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്.